തൃപ്രയാർ: തളിക്കുളം സെന്ററിലെ കാനകളിൽ നിന്നും കോരിയ മാലിന്യം കുടുംബാരോഗ്യ കേന്ദ്രത്തിൽ കുഴിച്ചു മൂടിയ നിലയിൽ. കഴിഞ്ഞ പ്രളയകാലത്ത് കാനകളിൽ അടിഞ്ഞു കൂടിയതും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പുറത്തേക്ക് വിട്ടതുമായ മാലിന്യമാണ് ആശുപത്രി വളപ്പിൽ കുഴിച്ചുമൂടിയതായി കാണപ്പെട്ടത്. സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായി.
ആശുപത്രി വളപ്പിനോട് ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴിയെടുത്താണ് മാലിന്യം മൂടിയത്. ആരോഗ്യ വകുപ്പിനെ നോക്കുക്കുത്തിയാക്കിയാണ് അധികൃതർ മാലിന്യം കുഴിച്ചുമൂടിയതെന്ന് യു.ഡി.എഫ് ആരോപിച്ചു. മാലിന്യം എത്രയും വേഗം ആരോഗ്യകേന്ദ്രത്തിൽ നിന്നും നീക്കം ചെയ്യണമെന്നും യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളായ പി.ഐ ഷൗക്കത്തലി, കെ.എ ഹാറൂൺ റഷീദ്, പി.എസ് സുൽഫിക്കർ, സുമന ജോഷി, എ.ടി നേന എന്നിവർ ആവശ്യപ്പെട്ടു.