തൃശൂർ: കെ.സി.ബി.സിക്ക് പഴയ വീര്യം നഷ്ടമായെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യവിരുദ്ധ സംഘടനകളുടെ പോരാട്ടത്തിന് ശക്തി കുറയുകയാണ്.
എൽ.ഡി.എഫ് സർക്കാർ കേരള ജനതയെ വെല്ലുവിളിക്കുകയാണ്. മദ്യ ഉപഭോഗം കുറയ്ക്കണമെങ്കിൽ മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയാണ് വേണ്ടത്. അതിന് പകരം 29 ബാറുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 540 ബാറുകൾ ആക്കുകയാണ് ചെയ്തത്. യു.ഡി.എഫ് സർക്കാർ ബാറുകൾ നിറുത്തലാക്കിയ ശേഷം മദ്യവില്പനയുടെ മൊത്തം കണക്കിൽ 7.4 ശതമാനമാണ് കുറവ് വന്നതെന്നും സുധീരൻ വ്യക്തമാക്കി. സമ്മേളനം കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയർമാൻ ബിഷപ്പ് യൂഹനോൻ മാർ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്തു. ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത സന്ദേശം കൈമാറി.