police
അനാഥനായി കിടക്കുന്ന പെരിങ്ങോട്ടുകരയിലെ പോലീസ് എയ്ഡ്പോസ്റ്റ്

അന്തിക്കാട്: പെരിങ്ങോട്ടുകര പൊലീസ് സ്റ്റേഷനും പൊലീസ് ക്വാർട്ടേഴ്‌സിനും ബഡ്ജറ്റിൽ രണ്ട് കോടി വകയിരുത്തിയതോടെ ജനങ്ങളുടെ നിരന്തര മുറവിളി ഫലം കണ്ടു

പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും മുമ്പ് അനുവദിച്ചിരുന്നു. ഇതോടെ പെരിങ്ങോട്ടുകരയിൽ പൊലീസ് സ്റ്റേഷൻ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ജില്ലയിലെ ദൂര പരിധിയേറിയ സ്റ്റേഷനുകളിൽ ഒന്നായ അന്തിക്കാട് സ്റ്റേഷൻ വിഭജിച്ച് പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററിന് സമീപത്തെ സർക്കാർ ഭൂമിയിലാണ് സ്റ്റേഷൻ നിർമിക്കുക.

നിലവിൽ പൊലീസ് എയ്ഡ്‌സ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുല്ലുകൾ വളർന്ന് മേൽക്കൂര തകർന്ന് അനാഥമായി കിടക്കുകയാണ്. വേണ്ടത്ര പൊലീസുകാർ ഇല്ലാത്തതിനാൽ ഇവിടേക്ക് ഡ്യൂട്ടിയും നിശ്ചയിച്ച് നൽകിയിട്ടില്ല. ദൂരപരിധി കാരണം സ്റ്റേഷൻ പരിധിയിൽ ഒന്നിലധികം ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാൽ നിലവിൽ പൊലിസിന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമില്ല.

ഈ മേഖല ക്രിമിനൽ സംഘങ്ങളുടെയും ലഹരി മാഫിയകളുടെയും വിഹാരകേന്ദ്രമാണ്. ഇവിടുത്തെ ജനങ്ങളുടെ സമാധാന ജീവിതത്തിന് തന്നെ ഭീഷണിയാണ് ഇത്. ക്രമസമാധാന പ്രശ്‌നങ്ങൾ പൊലീസിന് തലവേദനയും സൃഷ്ടിക്കുന്നുണ്ട്. അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നതാണ് താന്ന്യം പഞ്ചായത്ത്. നിലവിലെ സ്റ്റേഷൻ വിഭജിച്ച് താന്ന്യം പഞ്ചായത്തിലെ പെരിങ്ങോട്ടുകരയിൽ പുതിയ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ജനങ്ങളുടെ മുറവിളിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പെരിങ്ങോട്ടുകര പൊലീസ് സ്റ്റേഷൻ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.