തൃശൂർ: കേരളകൗമുദി റീഡേഴ്‌സ് ക്ലബ്ബ് തൃശൂരിന്റെ മികച്ച മേയറായി തെരഞ്ഞെടുത്തതിലൂടെ രാജൻ പല്ലനെ തേടിവന്നത് അർഹതയ്ക്കുളള അംഗീകാരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കേരളകൗമുദി റീഡേഴ്‌സ് ക്ലബ്ബിൻ്റെ മികച്ച മേയർക്കുള്ള പുരസ്കാരം രാജൻ ജെ. പല്ലന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരിക്കുമ്പോൾ തനിക്ക് രാജൻ പല്ലനെ അടുത്തറിയാൻ അവസരമുണ്ടായി. ദിവാൻജി മൂല മേൽപ്പാലത്തിൻ്റെ നിർമ്മാണത്തിനും പോസ്റ്റ് ഓഫീസ് പൊളിച്ച് റോഡ് വീതി കൂട്ടുന്നതിനും അദ്ദേഹം നടത്തിയ ശ്രമം നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്. ഇതിനൊന്നും ധനസഹായത്തിനായല്ല തന്നെ സമീപിച്ചത്. സർക്കാരിൻ്റെ പിന്തുണയ്ക്കായി മാത്രമായിരുന്നു. ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക എന്നതാണ് ജനപ്രതിനിധിയുടെ അടിസ്ഥാനപാഠം. ജനങ്ങളിൽ നിന്ന് അകന്നാൽ ജനാധിപത്യം പിന്നെ ഇല്ലാതാകും. ആസൂത്രണം ചെയ്തതു പോലെ തൃശൂർ നഗരത്തിൻ്റെ വികസനം സാദ്ധ്യമാക്കിയതിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ രാജൻ പല്ലന് കഴിഞ്ഞുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനങ്ങളുടെ അഭിപ്രായം പ്രതിഫലിപ്പിക്കുന്ന കേരളകൗമുദിയുടെ റീഡേഴ്സ് ക്ളബ്ബിൻ്റെ പുരസ്കാരത്തിലൂടെ ഭാവനാപൂർണ്ണമായ പ്രവർത്തനം കാഴ്ചവെച്ച ഭരണാധികാരിയാണ് ആദരിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്രവർത്തനം സക്രിയമാകുകയും സർഗാത്മകമാകുകയും ചെയ്യേണ്ട കാലമാണിതെന്നും ഈ പുരസ്കാരം രാഷ്ട്രീയത്തിലും പൊതുരംഗത്തും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെയ്ക്കാൻ രാജൻ പല്ലനെ സഹായിക്കട്ടേയെന്നും മുഖ്യാതിഥിയായ ഗവ. ചീഫ് വിപ്പ് അഡ്വ.കെ. രാജൻ പറഞ്ഞു.
സമയപരിമിതി മറികടന്ന് വലിയ വികസനപ്രവർത്തനങ്ങൾക്ക് രാജൻ പല്ലൻ വഴിയൊരുക്കിയെന്ന് മാർ അപ്രേം മെത്രാപ്പൊലീത്ത പറഞ്ഞു.
ആത്മാർത്ഥമായാണ് രാജൻ പല്ലൻ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് പി. ചിത്രൻ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടു. അനിൽ അക്കര എം.എൽ.എ, കെ.പി വിശ്വനാഥൻ, പി.എ മാധവൻ, ടി.വി ചന്ദ്രമോഹൻ, പത്മജ വേണുഗോപാൽ, എം.പി വിൻസന്റ്, ഒ. അബ്ദുറഹിമാൻ കുട്ടി, എം.എസ് സമ്പൂർണ്ണ, പാർവതി പവനൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി പി.ജെ പയസ്, പ്രൊഫ.എം. മാധവൻകുട്ടി, കേരളകൗമുദി റീഡേഴ്സ് ക്ളബ് മേഖലാ കമ്മിറ്റി പ്രസിഡൻ്റ് കെ.വി സദാനന്ദൻ, പ്രസ് ക്ളബ് സെക്രട്ടറി എം.വി വിനീത, കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫ് എൻ.എസ് കിരൺ എന്നിവർ പങ്കെടുത്തു. കേരളകൗമുദി ബ്യുറോ ചീഫ് കെ.പി രാജീവൻ സ്വാഗതവും ഡെസ്‌ക് ചീഫ് സി.ജി സുനിൽ കുമാർ നന്ദിയും പറഞ്ഞു. ..