തൃശൂർ: വർണ്ണക്കാവടികൾ നിറഞ്ഞാടി നിറക്കാഴ്ചകളുടെ സുന്ദരമുഹൂർത്തമൊരുക്കിയ കൂർക്കഞ്ചേരി തൈപ്പൂയ്യം ആയിരങ്ങൾക്ക് വിസ്മയമായി. കാവടിയാട്ടവും കൂട്ടിയെഴുന്നെള്ളിപ്പും കാണാൻ അന്യനാടുകളിൽ നിന്നുള്ളവരും ഒഴുകിയെത്തി. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ തൈപ്പൂയത്തിന്റെ ഭാഗമായി ആറ് ദേശങ്ങളിൽ നിന്നെത്തിയ കാവടികളാണ് ക്ഷേത്രപരിസരത്ത് നിറഞ്ഞാടിയത്. മൂന്ന് ദേശങ്ങളിലെ എഴുന്നളളിപ്പുമുണ്ടായി. ഇന്നലെ രാവിലെ നാലിന് പള്ളിയുണർത്തൽ ചടങ്ങോടെ പൂയാഘോഷത്തിന് തുടക്കമായി.
അഞ്ചിന് യോഗം വക കാവടിയാട്ടവും അഭിഷേകവും നടന്നു. കൂർക്കഞ്ചേരി മുരുക സംഘത്തിന്റെ കർപ്പൂരാരാധനയും തേരെഴുന്നള്ളിപ്പുമുണ്ടായിരുന്നു. രാവിലെ മുതൽ വൈകിട്ട് വരെ ദേശങ്ങളിൽ നിന്നുള്ള കാവടിയാട്ടസംഘങ്ങൾ ക്ഷേത്രാങ്കണത്തിലെത്തി. തുടർന്നായിരുന്നു കൂട്ടി എഴുന്നള്ളിപ്പ്. രാത്രി 11.15 മുതൽ പുലർച്ചെ 2.05 വരെ ഭസ്മക്കാവടിയാട്ടവുമുണ്ടായിരുന്നു. ഇന്ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം പള്ളിവേട്ടയ്ക്കായി കണിമംഗലം ശ്രീനാരായണ ഹൈസ്‌കൂളിൽ എത്തി ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങും. 10 ന് രാവിലെ തീർത്ഥക്കുളത്തിൽ ആറാട്ട് കഴിഞ്ഞ് പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിൽ തിരിച്ചെത്തി കൊടിയിറക്കും. തുടർന്ന് പ്രസാദ ഊട്ടും നടക്കും.