തൃശൂർ: മദ്യനിരോധനം ഫലപ്രദമാകില്ലെന്ന അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ 21-ാം സംസ്ഥാന സമ്മേളനം തൃശൂര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസ് ഡി.ബി.സി.എല്‍.സി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.
മദ്യത്തെ എതിര്‍ക്കുന്നവരാണ് മഹാഭൂരിപക്ഷം. ജനസംഖ്യയുടെ ചെറിയൊരു ഭാഗം മാത്രമാണ് മദ്യത്തെ അനുകൂലിക്കുന്നവർ. എല്ലാ സമുദായങ്ങളും മദ്യത്തിനും മയക്കുമരുന്നിനും എതിരാണ്. യാതൊരു രാഷ്ട്രീയ പാര്‍ട്ടികളും മദ്യപിക്കുന്നവരെ നേതൃസ്ഥാനങ്ങളില്‍ നിയമിക്കാറില്ല. മദ്യം സുലഭമാക്കിക്കൊണ്ട് ബോധവത്കരണം നടത്തുന്നതിനോട് യോജിപ്പില്ല. തന്റെ ഭരണകാലത്ത് ബാറുകളുടെ എണ്ണം കുറയ്ക്കുകയും മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്ന സമയം കുറയ്ക്കുകയും ചെയ്തു. മദ്യപിക്കുന്നവരുടെ പ്രായപരിധി 21 വയസായി ഉയര്‍ത്തി. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചു. ഈ സര്‍ക്കാര്‍ ഡ്രൈ ഡേ പിന്‍വലിക്കാനുള്ള നീക്കത്തിലാണ്. കേരളത്തില്‍ മയക്കുമരുന്ന് മദ്യത്തേക്കാള്‍ ദോഷകരമായി വ്യാപിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ശക്തമായ നടപടി ഇതിനെതിരെ ഉണ്ടാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.