പാവറട്ടി: ദളിതരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഭരണഘടനാ ശിൽപ്പി അംബേദ്കറിന്റെ ജീവിതം വരച്ചുകാട്ടിയ ഡോ. ബാബാ സാഹേബ് അംബേദ്കർ എന്ന സിനിമയുടെ പ്രദർശനത്തോടെ ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഇനി സിനിമയുടെ അഞ്ചു നാളുകൾ. ദേവസൂര്യ കലാവേദി പബ്ലിക് ലൈബ്രറിയിലെ ഫിലിം ക്ലണ്ടും പാവറട്ടി ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി തൃശൂർ ഐ.എഫ്.എഫ്.ടിയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
വീടിന്റെ അതിരുകൾ മതിലുകൾ കെട്ടി തിരിക്കുന്ന ആധുനിക സംസ്‌കാരം മനുഷ്യ മനസുകളിലും മതിലുകൾ തീർത്തിരിക്കുന്നു, ഇതിനെ തകർക്കുകയാണ് ദേവസൂര്യ ഇതുപോലുള്ള സാംസ്‌കാരിക സംഘങ്ങൾ ജനകീയ പരിപാടികളിലൂടെ ചെയ്യുന്നതെന്ന് ടി.എൻ. പ്രതാപൻ എം.പി. അഭിപ്രായപ്പെട്ടു. അഞ്ചു ദിവസം നീളുന്ന ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴമയെ ഓർമിപ്പിക്കും വിധം തേങ്ങാ വിളക്കിൽ തിരി തെളിച്ചാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഗുരുവായൂർ നഗരസഭ ആക്ടിംഗ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ അദ്ധ്യക്ഷനായി. കാലിക്കറ്റ് സർവകലാശാല രജിസ്ട്രാറായി നിയമിതനായ ഡോ. സി.എൽ. ജോഷിയെ ചടങ്ങിൽ ആദരിച്ചു. മുല്ലശ്ശേരി മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡന്റ് സി.കെ. രാജൻ മുഖ്യാതിഥിയായിരുന്നു.
കൗൺസിലർമാരായ ബിന്ദു അജിത്ത് കുമാർ, ജോയ് ചെറിയാൻ, പി.എസ്. രാജൻ, മുല്ലശ്ശേരി പഞ്ചായത്ത് മെമ്പർ ക്ലമന്റ് ഫ്രാൻസീസ്, കവി ദേവുട്ടി ഗുരുവായൂർ, ദേവസൂര്യ പ്രസിഡന്റ് എം.ജി. ഗോകുൽ, സെക്രട്ടറി ടി.കെ. സുരേഷ്, സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, ലിജോ പനക്കൽ എന്നിവർ പ്രസംഗിച്ചു. റെജി വിളക്കാട്ടുപാടം സ്വാഗതവും കെ.സി. അഭിലാഷ് നന്ദിയും പറഞ്ഞു. ജോൺ എബ്രഹാം പുരസ്‌കാര വിതരണത്തോടെ അഞ്ചു ദിവസം നീളുന്ന മേളയ്ക്ക് സമാപനമാകും.