കഞ്ചാവിനായി വിളിച്ചവരിൽ വിദ്യാർത്ഥിനികളും
തൃശൂർ: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി രണ്ടര കിലോ കഞ്ചാവുമായി അങ്കമാലിയിൽ നിന്നും ബൈക്കിൽ വരികയായിരുന്ന യുവാക്കളെ തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറും സംഘവും പിടികൂടി. തൃശൂർ പള്ളിമൂല സ്വദേശി വിഷ്ണു (22), കോലഴി സ്വദേശി കൃഷ്ണമൂർത്തി (21) എന്നിവരാണ് പിടിയിലായത്. ഇവർ പിടിയിലായതറിയാതെ ഇവരുടെ ഫോണിലേക്ക് കഞ്ചാവിനായി വിളിച്ചത് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർ. ആദ്യമായാണ് പെൺകുട്ടികൾ നേരിട്ട് കഞ്ചാവിന്റെ ആവശ്യത്തിനായി വിതരണക്കാരെ വിളിക്കുന്നതായി ശ്രദ്ധയിൽപെടുന്നതെന്ന് അധികൃതർ പറഞ്ഞു. എല്ലാ കോളുകളും എക്‌സൈസ് ഉദ്യോഗസ്ഥർ അറ്റൻഡ് ചെയ്ത്, വിളിച്ചവരുടെ നമ്പറുകൾ ശേഖരിച്ചു. പി.എം എന്ന അപരനാമത്തിലാണ് വിഷ്ണു, കോളേജ് വിദ്യാർത്ഥികളുടെ ഇടയിൽ അറിയപ്പെടുന്നത്.
ഉച്ചയ്ക്ക് ശേഷം മാത്രം കച്ചവടം നടത്തുന്ന വിഷ്ണുവിന്റെ രീതി കൊണ്ടാണ് ഈ പേര് ലഭിച്ചത്. വീട്ടിലോ ഹോസ്റ്റലിലോ കഞ്ചാവ് ഉപയോഗിക്കാൻ കഴിയാത്ത വിദ്യാർഥികൾക്കായി തങ്ങാനുള്ള സ്ഥലവും ഇവർ നൽകാറുണ്ട്. ഗോഡൗണോ, ഒഴിഞ്ഞ വീടോ ആണ് നൽകുക. ഹോസ്റ്റലിൽ നിൽക്കുന്നവരാണ് ഈ ആവശ്യം ഉന്നയിക്കുന്നവരിൽ കൂടുതലുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രായപൂർത്തിയാകും മുമ്പ് ചെറിയ അളവിൽ കഞ്ചാവുമായി വിഷ്ണുവിനെയും കൃഷ്ണമൂർത്തിയെയും എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. അന്ന് കേസ് ചാർജ് ചെയ്യാതെ ഇരുവരെയും വീട്ടുകാരെയും വിളിച്ചുവരുത്തി ഉപദേശിച്ചു വിട്ടിരുന്നു. തൃശൂർ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ സനുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ, സതീഷ് കുമാർ, സജീവ്, ഓഫീസർമാരായ എം.കെ കൃഷ്ണപ്രസാദ് , സുനിൽ ടി.ആർ, മനോജ് കുമാർ, സനീഷ് കുമാർ, ജെയ്‌സൺ ജോസ്, ജോസഫ്, ഷാജു ദേവദാസ്, മനോജ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
ഇടപാടിന് പ്രത്യേക കോഡ് ഇങ്ങനെ
വില എത്രയെന്ന് അറിയാൻ - സ്‌കോർ എത്ര
ബീഡിയിലോ സിഗരറ്റിലോ നിറച്ചു കിട്ടുമോ എന്നുള്ളതിന് - ജോയിന്റ്
കഞ്ചാവിനായി ഏറെ നേരം കാത്തു നിൽക്കേണ്ടി വരുമോ എന്നുള്ളതിന് - പോസ്റ്റ്
ഉപയോഗിക്കാനുള്ള സ്ഥലം ലഭിക്കുമോ എന്നുള്ളതിന് - ഹാൾട്ട്
(ഹാൾട്ട് എന്നത് ഇടപാടുകാരുടെ പുതിയ കോഡ് ആണെന്ന് എക്‌സൈസ് സംഘം)
വാരാന്ത്യത്തിൽ വിദ്യാർത്ഥിനികൾക്ക് ഇടയിൽ ഡിമാൻഡ്
വെള്ളിയാഴ്ച വൈകിട്ട് മുതൽ ഞായറാഴ്ച വൈകിട്ട് വരെയാണ് കഞ്ചാവ് കച്ചവടത്തിന് വിദ്യാർത്ഥിനികൾക്കിടയിൽ വൻ ഡിമാൻഡ് ഉള്ളത്. ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർത്ഥിനികളും പഠന ആവശ്യങ്ങൾക്കായി കൂട്ടുകാരികളുടെ ഹോസ്റ്റലിൽ നിൽക്കുന്നുവെന്ന വ്യാജേന എത്തുന്ന വിദ്യാർത്ഥിനികളുമാണ് വാരാന്ത്യം ലഹരിക്കായി കൂടുതൽ ഉപയോഗിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്ന പെൺകുട്ടികളുടെ നമ്പറുകൾ കണ്ടെത്തി ഇവരുടെ വീട്ടുകാരെ വിളിച്ച് വരുത്തി കാര്യങ്ങൾ അറിയിക്കാനാണ് നീക്കം. കുറച്ചു മാസങ്ങളായി തൃശൂരിൽ നടക്കുന്ന എക്‌സൈസ് സംഘത്തിന്റെ വിപുലമായ പരിശോധനയുടെ ഭാഗമായാണ് ശനിയാഴ്ചയിലെ അറസ്റ്റ് നടന്നത്.