കൊടുങ്ങല്ലൂർ: കഴിഞ്ഞ ദിവസങ്ങളിൽ കൊടുങ്ങല്ലൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് വേണ്ട മുൻകരുതലുകൾ ഉറപ്പു വരുത്താൻ സർവകക്ഷി യോഗത്തിൽ ധാരണയായി. സമാധാനം ഉറപ്പു വരുത്താൻ സ്വീകരിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണ കൂടത്തിനും പൊലീസിനും രാഷ്ട്രീയ പാർട്ടികളുടെയും സാമുദായിക നേതൃത്വത്തിന്റെയും പിന്തുണ യോഗത്തിൽ വ്യക്തമാക്കി.
താലൂക്ക് ഓഫീസിൽ ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് സമാധാനം നിലനിറുത്തുന്നതിന് കക്ഷിരാഷ്ട്രീയ നേതൃത്വം ഐക്യകണ്ഠേന തീരുമാനിച്ചത്. സമുദായ ധ്രുവീകരണത്തിന് ഇടവരുത്തുന്ന യാതൊരു പ്രവർത്തനങ്ങളും അനുവദിക്കരുതെന്നും രാത്രിയിലുണ്ടാവുന്ന ചെറിയ കുറ്റകൃത്യങ്ങൾ പോലും അതീവ ഗൗരവതരമായി കണ്ട് നടപടിയെടുക്കണമെന്നും വിവിധ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. എം.എൽ.എമാരായ അഡ്വ. വി.ആർ സുനിൽ കുമാർ , ഇ.ടി ടൈസൻ മാസ്റ്റർ, മുനിസിപ്പൽ ചെയർമാൻ കെ.ആർ. ജൈത്രൻ, വിവിധ പാർട്ടി നേതാക്കളായ പി.കെ ചന്ദ്രശേഖരൻ (സി.പി.എം), പി.പി സുഭാഷ് (സി.പി.ഐ), പ്രൊഫ. സി.ജി ചെന്താമരാക്ഷൻ ( കോൺഗ്രസ്), കെ.എസ് വിനോദ് ( ബി.ജെ.പി), യൂസഫ് പടിയത്ത് (മുസ്ലിം ലീഗ്), കെ.എ. സദുദ്ദീൻ (വെൽഫെയർ പാർട്ടി ), എൻ.എ ഇസ്മാലി മാസ്റ്റർ ( ജനതാദൾ ), പി.എ അബ്ദുൾ മജീദ് (എസ്.ഡി.പി.ഐ), ജില്ലാ പൊലീസ് സൂപ്രണ്ട് കെ.പി വിജയകുമാരൻ, ചേരമാൻ മഹല്ല് ഇമാം സൈഫുദ്ദീൻ അൽ ഖാസിമി, തഹസിൽദാർ ജെസി സേവ്യർ എന്നിവർ സംസാരിച്ചു. വിവിധ പാർട്ടി നേതാക്കളും ജനപ്രതിനിധികളുമായ നൗഷാദ് കൈതവളപ്പിൽ, ബി.ജി വിഷ്ണു, കെ.കെ അബിദലി, പഞ്ചായത്ത് പ്രസിഡന്റുമാർ, പൊലീസ്, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു...