കൊടുങ്ങല്ലൂർ: സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറി സംഘം കൊടുങ്ങല്ലൂരിലെ വിവിധ കച്ചവട സ്ഥാപനങ്ങളിൽ നിന്നും 38 ഇന ഭക്ഷ്യ ഉപയോഗ വസ്തുക്കൾ പരിശോധനയ്ക്കായി ശേഖരിച്ചു. ജൂസ്, ഷെയ്ക്, ലെസ്സി, പാൽ, എണ്ണ, ശീതളപാനീയം എന്നിവയും തേയില, മുളകുപൊടി തുടങ്ങിയ വസ്തുക്കൾ ഉൾപ്പെടെ 38 ഇനങ്ങളുമാണ് ശേഖരിച്ചത്.
ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താൻ ഇന്നലെയായിരുന്നു ഉദ്യോഗസ്ഥ സംഘം കൊടുങ്ങല്ലൂരിൽ ക്യാമ്പ് ചെയ്ത് പരിശോധന നടത്തിയത്. ഗുണനിലവാര നിബന്ധനകൾക്ക് വീഴ്ച വരുത്തുന്നവർക്ക് രണ്ട് ലക്ഷം രൂപ വരെ പിഴ ലഭിക്കും. ഭക്ഷ്യ സുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ശീതള പാനീയം വിൽപന നടത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും.
ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തിയിട്ടുണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും മറ്റും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകും. പരിശോധനാ ഫലം തൃശൂർ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർക്ക് ഉടൻ കൈമാറും. ലംഘനം തെളിഞ്ഞാൽ ശിക്ഷാ നടപടികൾ തൃശൂർ ആർ.ഡി.ഒ കോടതി നിശ്ചയിക്കും.