തൃശൂർ: രാജ്യത്തെ വിഭജിക്കുന്ന പൗരത്വ നിയമത്തിനെതിരെ ഒറ്റക്കെട്ടായി സമരം നടത്തുന്ന കേരളത്തിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു. ജവഹർ ദർശനവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളെ അവഹേളിക്കാൻ നരേന്ദ്രമോദിയെപ്പോലുള്ള പ്രധാനമന്ത്രിക്കു വടികൊടുക്കാൻ ഒരിക്കലും മുഖ്യമന്ത്രി പിണറായി വിജയൻ അവസരം കൊടുക്കരുതായിരുന്നു. പാർലമെന്റിൽ മോദിയുടെ പ്രസ്താവന വന്നപ്പോഴേ പ്രതികരിക്കേണ്ടതായിരുന്നു. ഒരു വ്യക്തിയുടെ കാര്യമാണെന്ന വിശദീകരണം അപ്പോൾതന്നെ നൽകേണ്ടതായിരുന്നു. അതുണ്ടായില്ല. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പൗരത്വ നിയമത്തിനെതിരെ പോരാടും. അത് ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല. ജനങ്ങളുടെ പൊതുവായ വിഷയമാണ്. ഇതൊരു രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ജവഹർ ദർശനവേദി ചെയർമാൻ മുൻമന്ത്രി കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻകുട്ടി, തേറമ്പിൽ രാമകൃഷ്ണൻ, പി.എ. മാധവൻ, എം.പി. വിൻസെന്റ്, ജോസഫ് ചാലിശേരി, എൻ.കെ. സുധീർ, ഷാജി കോടങ്കണ്ടത്ത്, രാജൻ പല്ലൻ, ലീലാമ്മ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.