കൊടുങ്ങല്ലൂർ: മതേതരത്വം ഇന്ത്യയിൽ പോറലേൽക്കാതെ നില കൊള്ളുന്നത് ഹിന്ദുമതത്തിന് ഭൂരിപക്ഷമുള്ളത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം രാഷ്ട്ര സുരക്ഷയ്ക്ക് എന്ന സന്ദേശമുയർത്തി ബി.ജെ.പി കയ്പമംഗലം മണ്ഡലം കമ്മിറ്റി എടവിലങ്ങ് ചന്തയിൽ സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റേതെങ്കിലും മതത്തിനായിരുന്നു ഇവിടെ ഭൂരിപക്ഷമെങ്കിൽ മറിച്ചാകുമായിരുന്നുവെന്നതാണ് ലോക ചരിത്രം വ്യക്തമാക്കുന്നത്.
മാലിക് ദിനാറിനെയും സെന്റ് തോമസിനെയും ചേർത്ത് പിടിച്ചതാണ് ഇന്ത്യയുടെ സംസ്കാരം. അതിന് പോറലേൽക്കുമെന്ന് ഒരാളും കരുതേണ്ടതില്ല. പൊതുപ്രവർത്തനം ഈശ്വര സേവയായി കാണുന്നവരുടെ പ്രസ്ഥാനമാണ് ബി.ജെ.പി. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു തെറ്റിദ്ധരിക്കപ്പെട്ട പ്രസ്ഥാനമായി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് മേൽ അഴിമതിയുടെ കറ പുരളാതെ മുന്നോട്ട് പോകുന്നത് ഇതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബഡ്ജറ്റിനെ ഗാന്ധിസത്തിന്റെ സുഗന്ധമുള്ളതെന്ന് വിശേഷിപ്പിച്ച അബ്ദുള്ളക്കുട്ടി സംസ്ഥാന ബഡ്ജറ്റിനെ തട്ടിപ്പ് ബഡ്ജറ്റെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉല്ലാസ് ബാബു, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് സി.എസ് ഹരിശങ്കർ, പി.എസ്. അനിൽ കുമാർ, കെ.എസ് വിനോദ്, ജ്യോതി ബാസു, സി.കെ പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചവരുടെ വീടുകളും അബ്ദുള്ളക്കുട്ടി സന്ദർശിച്ചു.