ചാലക്കുടി: പരേതർക്ക്് അരിയും ഗോതമ്പും വിറ്റ റേഷൻ കടയുടമകൾക്ക് പണികിട്ടിത്തുടങ്ങി. കൃത്രിമം കണ്ടെത്തിയ ആളൂരിലെ ഒരു റേഷൻ കടയുടെ ലൈസൻസ് ഡി.എസ്.ഒ റദ്ദാക്കി. ഒരംഗം മാത്രമുള്ള അന്ത്യോദയ കാർഡിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. മരണപ്പെട്ട അംഗത്തിന്റെ പേര് റേഷൻ കാർഡിൽ നിന്നും വെട്ടിക്കളയാതെ ഇവരുടെ പേരിലുള്ള സൗജന്യ റേഷൻ ഇനങ്ങൾ ഉടമ തന്നെ എടുക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇ പോസ് മെഷീന് പകരം, മാനുവൽ മെഷീനിലൂടെയാണ് തട്ടിപ്പ് നടന്നത്. ഇത്തരം തട്ടിപ്പ് പല റേഷൻ കടകളിലും നടന്നുവെന്നാണ് വിവരം. ഇതേക്കുറിച്ച് സംസ്ഥാന തലത്തിൽതന്നെ അന്വേഷണം നടത്തും.