ചെറുതുരുത്തി: ഭാരതപുഴയ്ക്കു കുറുകെ നിർമ്മിച്ച തടയണയ്ക്ക് ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും, നിർമ്മാണത്തിൽ അപാകതയില്ലെന്നും തടയണ സന്ദർശിച്ച വിദഗ്ദ്ധ സംഘം വിലയിരുത്തി. തിരുവനന്തപുരം അഡീഷണൽ ഇറിഗേഷൻ ചീഫ് എൻജിനിയർ ഷംസുദ്ദീൻ, തൃശൂർ ഇറിഗേഷൻ അഡീഷണൽ എൻജിനിയർ മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ശനിയാഴ്ച ചെറുതുരുത്തിയിലെത്തി തടയണ ഭാഗത്ത് പരിശോധന നടത്തിയത്.

തടയണയ്ക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും സമീപത്തായി നിർമ്മിച്ച സംരക്ഷണ ഭിത്തിയുടെ അടിഭാഗത്തു നിന്നും മണ്ണ് ഇളകി പോയതാണ് ഇപ്പോഴത്തെ ചോർച്ചയ്ക്ക് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. അടിമണ്ണ് ഇളകിപ്പോയതിന്റെ കാരണം തടയണയ്ക്കടുത്ത് തോട്ട പൊട്ടിച്ചതാണോ എന്നും സംശയമുണ്ട്. കാരണം വെള്ളിയാഴ്ച കാലത്ത് ഇവിടെ മത്സ്യങ്ങൾ ചത്തു പൊന്തിയിരുന്നതായി ചില സമീപവാസികളും നാട്ടുകാരും പറയുന്നു.

അങ്ങനെയെങ്കിൽ തോട്ട പൊട്ടിച്ചതിന്റെ ആഘാതത്തിൽ മണ്ണ് ഇളകിപ്പോയതും പ്രശ്‌നത്തിന് കാരണമാകാം. മണ്ണ് ഇളകിപ്പോയ ഭാഗത്ത് മണൽ ചാക്കുകളിട്ട് താത്കാലികമായി വെള്ളം ഒഴുകിപ്പോകാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.