arimpur
അരിമ്പൂരിൽ ഹോമിയോ ആശുപത്രിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തറക്കല്ലിടുന്നു

അരിമ്പൂർ: പഞ്ചായത്ത് പുതിയ ഹോമിയോ ആശുപത്രിക്ക് തറക്കല്ലിട്ടു. 20 ലക്ഷം രൂപ ചെലവഴിച്ച് 900 ചതുരശ്ര അടി വിസ്തീർണത്തിലാണ് ആശുപത്രി നിർമ്മിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷത്തോളമായി വാടക കെട്ടിടത്തിലാണ് ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത്. ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണ സമിതി.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തറക്കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹൻദാസ് മുഖ്യാതിഥിയായി. ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.എൽ. ജോസ്, ഷീബ മനോഹരൻ, സിന്ധു സഹദേവൻ, സുബിത സന്തോഷ്, കെ.എ. അജയകുമാർ, സി.ജി. സജീഷ്, കെ.വി. ഷാജു, പഞ്ചായത്ത് സെക്രട്ടറി ടി. സത്യൻ, ഗവ. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ദീപ, എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. സതീഷ് സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.എൽ. തോമസ് നന്ദിയും പറഞ്ഞു.