തൃപ്രയാർ: ആയിരങ്ങൾക്ക് വിസ്മയക്കാഴ്ചയൊരുക്കി എടമുട്ടം ശ്രീനാരായണ സുദർശന സമാജം ശ്രീഭദ്രാചല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യാഘോഷം. ഞായറാഴ്ച രാവിലെ പള്ളിയുണർത്തലോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഉഷപൂജ, പന്തീരടി പൂജ, ശ്രീഭൂതബലി, ശീവേലി, അഭിഷേകം എന്നിവ നടന്നു. രാവിലെ പതിനൊന്നോടെ കഴിമ്പ്രം ശാഖ, സെന്റർ ശാഖ, കിഴക്കേ ശാഖ, ശ്രീമുരുക ശാഖ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ കാവടിയാട്ടം നടന്നു. പൂക്കാവടികളും പീലിക്കാവടികളും ചേർന്ന് അതിസുന്ദര മുഹൂർത്തമാണൊരുക്കിയത്. വൈകിട്ട് നടന്ന പകൽപ്പൂരത്തിൽ അഞ്ച് ഗജവീരന്മാർ അണിനിരന്നു.
വാദ്യകലാകാരൻ സജുചന്ദ്രന്റെ നേതൃത്വത്തിൽ നൂറിൽപ്പരം കലാകാരന്മാർ നയിച്ച മേളം അകമ്പടിയായി. വൈകീട്ട് വെടിക്കെട്ട്, അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പ്, തായമ്പക, രാത്രി ഭസ്മക്കാവടിയും ക്ഷേത്രസന്നിധിയിൽ അരങ്ങേറി. ക്ഷേത്രം തന്ത്രി നാരായണൻകുട്ടി തന്ത്രി, മേൽശാന്തി സന്ദീപ് ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. ശ്രീനാരായണ സുദർശന സമാജം ഭാരവാഹികളായ മാധവബാബു വാഴപ്പുള്ളി, സുചിന്ത് പുല്ലാട്ട്, സുധീർ പട്ടാലി, രാജൻ വേളേക്കാട്ട്, ഹനീഷ് കുമാർ തൈപ്പറമ്പത്ത്, ധർമ്മദേവൻ പാണപറമ്പിൽ, ശിവൻ വെളമ്പത്ത്, ജിതൻ ചോലയിൽ തുടങ്ങിയവർ ആഘോഷചടങ്ങുകൾക്ക് നേതൃത്വം നൽകി.