paddy
തുറന്ന് കിടക്കുന്ന കനാലിനോട് ചേർന്നുള്ള പാടശേഖരത്തിൽ വിളഞ്ഞ നെല്ല്

10 കർഷകർ
20 ഏക്കറിൽ അധികം പാടത്തെ വിളവെടുപ്പ്


മാള: കൊയ്ത്ത് യന്ത്രം ഇറക്കാൻ വഴിയില്ലാത്തത് പുല്ലൻകുളങ്ങര പാടശേഖരത്തിലെ അമ്പഴക്കാട് ഭാഗത്തെ കർഷകരെ കണ്ണീരിലാഴ്ത്തുന്നു. ഈ ഭാഗത്തെ പത്ത് കർഷകരുടെ ഇരുപത് ഏക്കറിലധികം സ്ഥലത്തെ നെൽക്കൃഷി വിളവെടുപ്പാണ് പ്രതിസന്ധിയിലായത്. പാടത്തോട് ചേർന്ന് വഴിയുണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ലാത്തതാണ് തടസം. വഴിയുടെ ഒരു വശത്തിലൂടെ ചെറിയ കനാൽ കടന്നുപോകുന്നുണ്ട്. പ്രധാന വഴിയിൽ നിന്ന് കനാൽ കടന്നുപോകുന്ന നൂറു മീറ്റർ ഭാഗത്ത് കോൺക്രീറ്റ് സ്‌ളാബ് നിരത്തിയാൽ പ്രശ്‌നം പരിഹരിക്കാം. ആദ്യം കൃഷിയിറക്കി വിളവെടുപ്പിന് പാകമായ നെല്ല്, യന്ത്രം ഇറക്കാൻ കഴിയാതെ പാടത്ത് കിടക്കുകയാണ്.
പാടശേഖരത്തിന്റെ വടമ ഭാഗത്ത് നിന്ന് കൊയ്ത്ത് യന്ത്രം ഇറക്കണമെങ്കിൽ ഇവിടെ നെല്ല് വിളയണം. ഈ മേഖലയിൽ വിളവെടുക്കാൻ പാകമാകുമ്പോഴേക്കും കിഴക്കൻ മേഖല എല്ലാം കൊഴിഞ്ഞ് പാടത്ത് വീഴുന്ന അവസ്ഥയാകും. വെള്ളം ലഭിച്ച് ആദ്യം കൃഷിയിറക്കുന്നത് എക്കാലവും കിഴക്കൻ പ്രദേശമാണ്.
മാള പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഈ പാടശേഖരത്തിലെ വഴി ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വർഷങ്ങളായി ഈ വിഷയം ഗ്രാമസഭയിൽ ഉന്നയിച്ചിട്ടും പരിഹാരമായിട്ടില്ല. യന്ത്രം ഇറക്കാൻ കഴിയാതെ തൊഴിലാളികളെ കൊണ്ടുവന്ന് കൊയ്‌തെടുക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യതയുമേറെയാണ്. അധികൃതർ ഇടപെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നെൽക്കൃഷി വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന അധികൃതർ കർഷകരുടെ കാലങ്ങളായുള്ള ആവശ്യം അവഗണിക്കുകയാണ്. ഇനിയും ദിവസം കഴിഞ്ഞാൽ മാത്രമേ വടമയോടടുത്ത ഭാഗങ്ങൾ വിളവെടുക്കാൻ പാകപ്പെടൂ.

........

നൂറു മീറ്റർ വരുന്ന കനാലിന് മുകളിൽ സ്‌ളാബിട്ടാൽ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും

രഞ്ജിത്ത്
ഈ ഭാഗത്ത് കൃഷിയിറക്കിയ ആൾ..