തൃശൂർ : തൃശൂരുമായി ഏറെക്കാലത്തെ ബന്ധമാണ് അദ്ദേഹത്തിനുള്ളത്. ആർ.എസ്.എസ് പ്രചാരകനെന്ന നിലയിൽ പി. പരമേശ്വരൻ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും എത്തിയിട്ടുണ്ട്. നിരവധി പ്രഭാഷണ പരമ്പരകളും നടത്തി. സംഘത്തിന് അത്ര സ്വാധീനമില്ലാതിരുന്ന കാലഘട്ടത്തിൽ സംഘപ്രവർത്തനവുമായി ബന്ധപ്പെട്ട് ഏറെ സഞ്ചരിച്ചു. സംഘച്ചുമതലയുടെ ഭാഗമായി ഏറെക്കാലം ചാവക്കാട് മേഖലയിൽ നിരന്തര സന്ദർശനം നടത്തി. സംഘത്തിന്റെ മുതിർന്ന നേതാവായിരുന്ന ജി. മഹാദേവൻ, അമ്മാത്ത് ഉണ്ണിക്കൃഷ്ണൻ, പി.പി സുബ്രഹ്മണ്യൻ, പുത്തേഴത്ത് രാമചന്ദ്രൻ എന്നിവരുമായി അടുത്ത ബന്ധം പുലർത്തി. തൃശൂരിലെത്തിയാൽ ആദ്യം താമസിച്ചിരുന്നത് സംഘപ്രചാരകനായിരുന്ന മാധവനുണ്ണിയുടെ വീട്ടിലായിരുന്നു. പിന്നീടത് ബി.എം.എസ് അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. സി.കെ. സജിനാരായണന്റെ വീട്ടിലായി. രാവിലെ നാലരയ്ക്ക് എഴുന്നേൽക്കുന്ന അദ്ദേഹം പുലർച്ചെ കളക്ടറേറ്റിന് ചുറ്റും പ്രഭാതസവാരിക്ക് ഇറങ്ങും. സംഘ ബൈഠക്കുകളിൽ താൻ മുതിർന്ന നേതാവാണെന്ന ഭാവവും പ്രകടിപ്പിച്ചിരുന്നില്ല. ചിന്മയ മിഷൻ, പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം എന്നിവയുമായി അടുത്ത ബന്ധം പുലർത്തി. മായന്നൂരിലെ തണൽ സേവാകേന്ദ്രത്തിലെ കുട്ടികളെ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു.