എരുമപ്പെട്ടി: എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നബാർഡിന്റെ സഹായത്തോടെ ഏഴരക്കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകളും പുതിയ കെട്ടിടത്തിനോട് അനുബന്ധിച്ച് നിർമ്മിക്കും.
ഡോക്ടർമാർക്ക് താമസിക്കാൻ സൗകര്യമാകുന്നതോടെ കിടത്തിച്ചികിത്സ മുടക്കമില്ലാതെ നടക്കും. പഴയ എരുമപ്പെട്ടി സെന്ററിന് സമീപമുളള ഡോക്ടർ ക്വാർട്ടേഴ്‌സും പുതുക്കിപ്പണിയും. കെട്ടിടത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും മണ്ണ് ബല പരിശോധന നടപടികൾക്കുമായി പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാർ ആശുപത്രിയിലെത്തി. ഒരു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ച് കിടത്തിച്ചികിത്സാ വാർഡ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തിട്ടുണ്ട്.
പീഡിയാട്രിക് വാർഡ്, ലാബ് എന്നിവയ്ക്കായുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് വരുകയാണ്. ആശുപത്രിയുടെ ചുമതലയുള്ള വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്താണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായാൽ ആശുപത്രി ഹൈടെക് നിലവാരത്തിലേക്ക് ഉയരും.