തൃശൂർ : അടുത്തകാലത്ത് സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തെക്കുറിച്ചായിരുന്നു പി. പരമേശ്വരന് ഏറെ സംസാരിക്കാനുണ്ടായിരുന്നത്. കുട്ടികളെ ഏറെ ഇഷ്ടമായിരുന്നു പരമേശ്വരന്. ശനിയാഴ്ച തന്നെ കാണാനെത്തിയ മായന്നൂർ തണൽ സേവാ കേന്ദ്രത്തിലെ പി.ജി വിദ്യാർത്ഥികളോട് സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തെക്കുറിച്ച് ഒരു മണിക്കൂറിലേറെ സംസാരിച്ചു. ഇംഗ്ളീഷിലായിരുന്നു പ്രസംഗം മുഴുവൻ. സ്വാമി വിവേകാനന്ദനെ കുറിച്ച് എത്ര പറഞ്ഞിട്ടും പറഞ്ഞുതീരാതെ ഒടുവിൽ അദ്ദേഹം മടങ്ങി.

മായന്നൂർ തണൽ സേവാ കേന്ദ്രത്തിനടുത്ത് നിളസേവാ സമിതി സെക്രട്ടറി കെ. ശശികുമാറിന്റെ വീട്ടിൽ ആയുർവേദ ചികിത്സ കഴിഞ്ഞ് 12 ദിവസമായി വിശ്രമത്തിലായിരുന്നു പി. പരമേശ്വരൻ. അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോ. സേതുമാധവന്റെ മകളുടെ വിവാഹത്തിൽ ശനിയാഴ്ച്ച പങ്കെടുത്തു. വിവാഹ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങാമെന്നായിരുന്നു തീരുമാനം. വിവാഹച്ചടങ്ങിനെത്തിയ ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരക്മാരിൽ ഒരാളായ ആർ. ഹരിയുമായും ഏറെ സംസാരിച്ചു.

കൃത്യനിഷ്ഠയോടെ ജീവിതം

രാവിലെ നാലരയോടെ എഴുന്നേൽക്കുന്ന അദ്ദേഹം ഭക്ഷണ രീതിയിൽ ഏറെ നിഷ്ഠ പാലിച്ചിരുന്നു. ആരോരുമില്ലാത്തവരുടെ ആശ്രയ കേന്ദ്രമായ തണലിൽ നിന്നാണ് അദ്ദേഹത്തിന് ഭക്ഷണം എത്തിച്ചിരുന്നത്. ഈയിടെയായി വളരെ കുറച്ചേ എന്തെങ്കിലും കഴിച്ചിരുന്നുള്ളൂ. അത് എഴു തവണയാക്കിയും ചിട്ടപ്പെടുത്തി. രാവിലെ എഴരയ്ക്ക് ആദ്യ ഭക്ഷണം കഴിക്കും. അതുപോലെ തന്നെ ഉറങ്ങുന്ന കാര്യത്തിലും സമയ ക്രമമുണ്ട്. ഏഴിന് തന്നെ അദ്ദേഹം കിടക്കും. മരണ ദിവസവും പതിവു പോലെ എഴിന് കിടന്ന അദ്ദേഹത്തിന് 11 മണിയോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ ഡോക്ടറെ വരുത്തിയെങ്കിലും മരണം സംഭവിച്ചു. നിര്യാണ വാർത്തയറിഞ്ഞ് ആർ.എസ്.എസ് പ്രചാരക്മാരായ കെ. കൃഷ്ണൻകുട്ടി, അനീഷ് തുടങ്ങിയവരെത്തി.