തൃശൂർ: ജില്ലയിൽ കൊറോണ പ്രതിരോധ ബോധവത്കരണ ക്ലാസുകളും കൗൺസലിംഗും പരിശീലനങ്ങളും തുടരും. ഞായറാഴ്ച 1010 പേർക്ക് ബോധവത്കരണ ക്ലാസ് നൽകിയതുൾപ്പെടെ ആകെ 63,296 പേർക്ക് ഇതുവരെ പരിശീലനം നൽകി. ജില്ലയിൽ രോഗപ്രതിരോധത്തിനുള്ള പി.പി.ഇ കിറ്റ്, എൻ 95 മാസ്‌ക്, ട്രിപ്പിൾ ലെയർ മാസ്‌ക് എന്നിവ ആവശ്യത്തിന് സ്‌റ്റോക്കുണ്ട്.
വീടുകളിൽ കഴിയുന്ന 17 കുടുംബങ്ങൾക്ക് പഞ്ചായത്തുകൾ ഭക്ഷണ സാധനങ്ങളും മറ്റ് സഹായങ്ങളും നൽകി വരുന്നു. നിരീക്ഷണത്തിലുള്ളവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനായി തുടങ്ങിയ കൗൺസലിംഗ് ഫലവത്താണെന്നും വീട്ടിൽ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങി നടക്കുന്നില്ലെങ്കിൽ കൂടി സമൂഹം ഒറ്റപ്പെടുത്തുന്നുവെന്ന തോന്നൽ ചിലർക്കെങ്കിലും ഉണ്ടെന്നും കൗൺസലർമാർ പറയുന്നു. സ്വന്തം സുരക്ഷയും കുടുംബത്തിന്റെ സുരക്ഷയും മാത്രമല്ല, സമൂഹത്തിന്റെ നന്മ കൂടിയാണ് ലക്ഷ്യമിടുന്നതെന്ന് ഇവർക്ക് ബോദ്ധ്യമുണ്ട്. നിർബന്ധമായി 28 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം.