തൃശൂർ: വലിയ മുതൽ മുടക്കില്ലാതെ മെച്ചപ്പെട്ട ഉത്പാദനത്തിന് കിഴങ്ങുവർഗ്ഗങ്ങൾ പ്രയോജനപ്പെടുമെന്നും കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ മരച്ചീനികൾക്ക് കഴിയുമെന്ന് തിരുവനന്തപുരം ശ്രീ കാര്യം ഐ.സി.എ.ആർ.സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആൻഡ് ഹെഡ് ഡോ: എം.എസ് സജീവ് പറഞ്ഞു. തേക്കിൻകാട് മൈതാനിയിൽ മെഷിനറി എക്‌സ്‌പോയിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരച്ചീനി, മധുരക്കിഴങ്ങ് പോലെയുള്ള കിഴങ്ങുവർഗം മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകൾ ലഭ്യമാണ്.
കിഴങ്ങുവർഗ്ഗങ്ങൾക്ക് ഏറെ വിപണന സാദ്ധ്യതയുണ്ട്. പൊതുസംരംഭകർക്ക് പരിശീലനവും മറ്റും നൽകുന്നതിന് സാങ്കേതിക സംരംഭകത്വ പരിശീലന കേന്ദ്രങ്ങളുമുണ്ട്. മരച്ചീനിയിൽ നിന്ന് അന്നജം വേർതിരിച്ചെടുത്ത് നിരവധി ഉത്പന്നങ്ങളും ഇലകളിൽ നിന്ന് ജൈവ കീടനാശിനിയും ഉണ്ടാക്കാം. മരച്ചീനിയിൽ നിന്ന് ചിപ്‌സ്, പുട്ടുപ്പൊടി , പപ്പടം, റവ, ചൗവ്വരി, ന്യൂഡിൽസ് , മാവ് എന്നിവ ഉണ്ടാക്കുന്നുണ്ട്. പ്രാദേശിക സംരംഭകത്വ വികസനത്തിനാണ് ഊന്നൽ നൽകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു...