കൊടുങ്ങല്ലൂർ: മേഖലയിലെ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാൻ ലക്ഷ്യമിട്ട് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത സർവ്വകക്ഷി സമാധാന യോഗത്തിലെ തീരുമാനം രേഖപ്പെടുത്തപ്പെടുത്തി മഷി ഉണങ്ങും മുമ്പേ അക്രമം അരങ്ങേറിയത് മേഖലയിൽ പരിഭ്രാന്തിയുണ്ടാക്കി.
യുവമോർച്ച കൊടുങ്ങല്ലൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പ്രശോബ് പുതുക്കാട്ടിലിന്റെ വാഹനമാണ് ചുട്ടെരിച്ചത്.
പൗരത്വ ഭേഗഗതി നിയമത്തെ പിന്തുണച്ച് വത്സൻ തില്ലങ്കേരിയുടെ പ്രസംഗം സംഘടിപ്പിച്ചതോടെ ഒരു വിഭാഗം കടകളടപ്പിക്കാനിറങ്ങിയിരുന്നു. ഇതോടെ കലുഷിതമാകാനാരംഭിച്ച സമാധാനാന്തരീക്ഷം കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിലായി നടന്ന കൊള്ളിവെയ്പോടെ മൂർച്ഛിച്ചിരുന്നു. വത്സൻ തില്ലങ്കേരിക്ക് ആതിഥ്യമേകിയ വീട്ടിനു നേരെ ഉൾപ്പെടെ ആക്രമണമുണ്ടായി. മോട്ടോർ ബൈക്കുകൾ, കാറുകൾ തുടങ്ങിയവയ്ക്ക് തീയിട്ടു. തുടർന്നാണ് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ പാർട്ടികളെയും മതമേലദ്ധ്യക്ഷന്മാരെയും വിളിച്ചു ചേർത്ത് സർവ്വകക്ഷിയോഗം സംഘടിപ്പിച്ചത്. ഈ യോഗത്തിന്റെ ചൂടാറും മുമ്പാണ് വീണ്ടും ആക്രമ സംഭവമുണ്ടായിരിക്കുന്നത്. ശനിയാഴ്ച അർദ്ധരാത്രിയോടെ ഉണ്ടായ ഈ അതിക്രമത്തിന് പിന്നിൽ ജിഹാദി ഭീകരാരാണെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ് ആരോപിച്ചു. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ കൊടുക്കാത്ത പക്ഷം ബി.ജെ.പി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംഭവസ്ഥലം സന്ദർശിച്ചശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിനോദ് വ്യക്തമാക്കി.