ചാലക്കുടി: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാൾ ഭക്തിസാന്ദ്രം. തിരുനാൾ പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാവിലെ മുതൽ തുടങ്ങിയ വിശുദ്ധ കുർബ്ബാകളിലും അനേകം ഭക്തജനങ്ങളുടെ സാന്നിദ്ധ്യമുണ്ടായി. ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് ഫാ. വിത്സൻ മൂക്കനാംപറമ്പിൽ കാർമ്മികനായി. ഫാ. ജോളി വടക്കൻ സന്ദേശം നൽകി. വൈകീട്ടും വിശുദ്ധ കുർബ്ബാന നടന്നു. തുടർന്നായിരുന്നു തിരുനാൾ പ്രദക്ഷിണം, കുരിശു കപ്പേള, ആശുപത്രി റോഡ്, ഗവ. ഗേൾസ് സ്‌കൂൾ റോഡ് എന്നിവ കൂടി പള്ളിയിലെത്തി പ്രദക്ഷിണം സമാപിച്ചു. വികാരി ഫാ. ജോസ് പാലാട്ടി നേതൃത്വം നൽകി. തുടർന്ന് ബാൻഡ് സൗഹൃദ മത്സരം, വർണ്ണമഴ എന്നിവയും നടന്നു. തിങ്കളാഴ്ചയാണ് പ്രസിദ്ധമായി ടൗൺ അമ്പ്.
ചാലക്കുടി നഗരം തിരുന്നാൾ ആഘോഷത്തിമിർപ്പിലായി. ദീപാലംകൃതമായ കടകളും സ്ഥാപനങ്ങളും നഗരത്തിലെ രാത്രിയിലും പകലാക്കി മാറ്റുന്നു. ഇടവകയിലെ വീടുകളും ദീപപ്രഭയിൽ മുങ്ങിനിൽക്കുന്നു. സൗത്ത് ജംഗ്ഷൻ, ട്രങ്ക് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ കമനീയമായ ദീപപ്പന്തലാണ് ഒരുക്കിയിരിക്കുന്നത്. എവിടെയും താളമേളങ്ങളും ഗാനാലാപനവുമാണ്. തിരുനാൾ ആഘോഷങ്ങൾ ദർശിക്കുന്നതിന് ആയിരങ്ങളാണ് നഗരത്തിലേയ്ക്ക് ഒഴുകുന്നത്. മർച്ചന്റസ് അസോസിയേഷൻ, ചാലക്കുടി സ്വിമ്മേഴ്‌സ് അസോസിയേഷൻ, ജെ.സി.ഐ എന്നീ സംഘടനകൾ ഒരുക്കിയ വിവിധ പ്രദർശനങ്ങളിലും വൻതിരക്ക് അനുഭവപ്പെടുന്നു. തിങ്കളാഴ്ചയിലെ ടൗൺ അമ്പിനും നഗരത്തിലേയ്ക്ക് പതിനായിരങ്ങൾ എത്തിച്ചേരും. ജനങ്ങളുടെ തിക്കും തിരക്കും കണക്കിലെടുത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണം ഒരുക്കിയിട്ടുണ്ട്...