ചാലക്കുടി: ക്രിമറ്റോറിയത്തിന് സമീപം നഗരസഭയുടെ മാലിന്യം തള്ളുന്ന കേന്ദ്രത്തിൽ അഗ്‌നിബാധ. പ്ലാസ്റ്റിക് അടക്കമുള്ള അവശിഷ്ടങ്ങൾ കത്തിനശിച്ചു. രണ്ടുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തിനു ശേഷമാണ് തീപിടുത്തം ശമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. മണിക്കൂറുകളോളം പരിസരത്ത് വൻതോതിൽ പുകപടലങ്ങൾ ഉയർന്നു.
ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റാണ് തീ അണച്ചത്. പുക വ്യാപിച്ചതോടെ കുറച്ചുനേരം തൊട്ടടുത്ത ദേശീയപാതയിലെ വാഹന ഗതാഗതത്തിന് തടസവുമുണ്ടായി. ക്രിമറ്റോറിയത്തിന് തൊട്ടടുത്തെ തീപിടുത്തം നഗരസഭ അധികൃതരെ അങ്കലാപ്പിലാക്കി. അതിനാൽ ഈ ഭാഗത്തേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത്. കഴിഞ്ഞ മാസം ഇത്തരത്തിലൊരു തീപിടുത്തമായിരുന്നു പിന്നീട് ക്രിമറ്റോറിയത്തിന് പിൻഭാഗത്തെ നഗരസഭയുടെ പ്ലാസ്റ്റിക്ക് സംസ്‌കരണ കേന്ദ്രത്തിലേക്ക് പടർന്നത്.
രണ്ടു മെഷിനും പ്ലാസ്റ്റിക്ക് സാമഗ്രികളും കത്തിനശിച്ച സംഭവത്തിൽ 40 ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി. ഞായറാഴ്ചയിലെ തീപിടുത്തം അറിഞ്ഞയുടൻ നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷ ബിജി സദാനന്ദൻ തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.