തൃശൂർ: ആധുനിക രീതിയിൽ നവീകരിച്ച കോർപറേഷൻ പാലസ് ഗ്രൗണ്ട് കായിക മേഖലയ്ക്ക് മികച്ച സംഭാവന ആണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. ഗ്രൗണ്ടിൽ നിർമ്മാണം പൂർത്തീകരിച്ച ഫ്‌ളഡ് ലൈറ്റിന്റെ സ്വിച്ച് ഓൺ നിർവഹിക്കുകയായിരുന്നു മന്ത്രി. വർഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ഗ്രൗണ്ട് മികച്ച രീതിയിലാണ് നവീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി മേയർ റാഫി ജോസ് പി അദ്ധ്യക്ഷനായി. ഒരു കോടി ചെലവഴിച്ചാണ്, 56 വർഷം പഴക്കമുള്ള കോർപറേഷൻ പാലസ് ഗ്രൗണ്ട് നവീകരിച്ചത്. വിഖ്യാതമായ ചാക്കോള ട്രോഫി, സന്തോഷ് ട്രോഫി തുടങ്ങിയ മത്സരങ്ങൾക്ക് സ്റ്റേഡിയം വേദിയായിട്ടുണ്ട്. ഗ്രൗണ്ടിൽ രാവിലെ 4 മുതൽ വൈകീട്ട് 9 വരെ വ്യായാമത്തിനും, വിവിധ തരം കായിക ഇനങ്ങൾക്കുമായി ആയിരക്കണക്കിന് പേർ ദിനം പ്രതി എത്തുന്നുണ്ട്.
20 വർഷത്തിലധികമായി ഫ്‌ളഡ് ലൈറ്റ് പ്രവർത്തന രഹിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവ. ചീഫ് വിപ് കെ. രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോർപറേഷൻ വാർഡ് കൗൺസിലർ എം.എസ് സമ്പൂർണ, മുൻ മേയർമാരായ അജിത വിജയൻ, അജിത ജയരാജൻ, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, മുൻ അന്താരാഷ്ട്ര ഫുട്‌ബാൾ താരം ഐ.എം വിജയൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംബശിവൻ തുടങ്ങിയവർ പങ്കെടുത്തു..