തൃശൂർ: സംസ്ഥാന സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്പ്) ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത എൻജിനീയറിംഗ് കോളേജുകളിൽ ഗൂഗിൾ നേരിട്ട് നടത്തുന്ന കോഴ്‌സ്, ആദ്യഘട്ടത്തിൽ തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിലെ 92 വിദ്യാർത്ഥികൾ പൂർത്തീകരിക്കുന്നു.

ഗൂഗിൾ അസോസിയേറ്റ് ക്ലൗഡ് എൻജിനീയർ എന്ന കോഴ്‌സാണ് അസാപ്പ് സ്‌കിൽ സെന്റർ ഉള്ള കോളേജുകളിൽ നടത്തുന്നത്. ഗൂഗിൾ ക്ലൗഡ് മേഖലയിലെ വിവിധ സേവനങ്ങളാണ് കോഴ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പതിനാറ് ആഴ്ചയാണ് കാലാവധി. ഗൂഗിൾ ക്ലൗഡ് മേഖലയിലെ അഞ്ചു മേഖലകളാണ് അസോസിയേറ്റ് ക്ലൗഡ് എൻജിനീയർ കോഴ്‌സിൽ നൽകുന്നത്.

കോഴ്‌സ് പൂർത്തീകരിച്ച വിദ്യ എൻജിനീയറിംഗ് കോളേജിലെ ആദ്യത്തെ മൂന്ന് വിദ്യാർത്ഥികൾക്ക് ഗൂഗിൾ ഹോം മിനി ബാഡ്ജ് ലഭിച്ചു. കോഴ്‌സ് പൂർത്തീകരിക്കുന്ന വിദ്യ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുമായി ഗൂഗിൾ ക്ലൗഡ് പ്രോഗ്രാം മാനേജർ അക്ഷിത് ജെയിൻ സംവദിച്ചു. അസാപ്പ് നോഡൽ ഓഫീസർ ഡോ.എൻ. രാമചന്ദ്രൻ, അക്കാഡമിക് ഡീൻ ഡോ. സുധ ബാലഗോപാലൻ, കമ്പ്യൂട്ടർ സയൻസ് മേധാവി ഡോ. രമണി ഭായി, അസാപ് പ്രോഗ്രാം മാനേജർ രാകേഷ്, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ രവിശങ്കർ, നകുൽരാജ്, അസാപ് കോ ഓർഡിനേറ്റർ അരുൺ ലോഹിതാക്ഷൻ എന്നിവർ പങ്കെടുത്തു. കോഴ്‌സ് പൂർണമായും സൗജന്യമാണ്. അടുത്ത വർഷം മുതൽ എല്ലാ എൻജിനീയറിംഗ് വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഗൂഗിൾ ക്ലൗഡ് പ്രോഗ്രാം മാനേജർ അക്ഷിത് ജെയിൻ പറഞ്ഞു.