രേഖപ്പെടുത്തുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഏറ്റവും ഉയർന്ന താപനില
കടലോര സാന്നിദ്ധ്യത്താൽ അന്തരീക്ഷ ആർദ്രത കൂടുന്നതും ചൂടേറ്റുന്നു
ഫെബ്രുവരിയിൽ അനുഭവപ്പെടുന്നത് ഡിസംബറിലെ തണുപ്പ്
തൃശൂർ: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഈ മാസം താപനില 37 ഡിഗ്രിയേക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാൽ മുൻകരുതലുകൾ വേണമെന്ന് ആരോഗ്യവിദഗ്ദ്ധർ. ജില്ലയിൽ വേനൽമഴയ്ക്ക് വിദൂരസാദ്ധ്യത മാത്രമാണുള്ളതെന്ന് കാലാവസ്ഥാ വിദഗ്ദ്ധരും വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് വേനൽമഴ പെയ്തിരുന്നു. ചൂട് സർവകാല റെക്കാഡുകൾ ഭേദിക്കുമെന്ന മുന്നറിയിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചൂട് കൂടുതലായിരുന്നെങ്കിലും ഇടവിട്ട് ലഭിച്ച വേനൽ മഴ ആശ്വാസമായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. കടലോരം ഉളളതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രത താപസൂചിക ഉയർത്തുന്ന ഘടകമാകുന്നുണ്ട്. അതേസമയം രാവിലെയുളള തണുപ്പും കൂടി. ഡിസംബറിലും ജനുവരിയിലും അനുഭവപ്പെടാറുളള ശൈത്യമാണ് ഫെബ്രുവരിയിലുമുളളത്.
രോഗസാദ്ധ്യതകൾ
ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് വേനല്‍ക്കാലത്ത് കൂടുതലായി കാണുന്നത്. കുടിവെളളത്തിലൂടെ രോഗാണുക്കൾ പടരാനുളള സാദ്ധ്യതയും കൂടുതലാണ്. കൊതുകുകൾ പെരുകുന്ന സാഹചര്യത്തിൽ കൊതുക് ജന്യ രോഗങ്ങളും കൂടും. അതേസമയം, ചില വൈറസുകൾക്ക് അത്യുഷ്ണത്തെ അതിജീവിക്കാനാവില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളില്ല.
പ്രതിരോധം:
*നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളമായി വെള്ളം കുടിക്കുക.
* മദ്യം പോലെയുള്ള പാനീയങ്ങളും സോഡാ ഉത്പന്നങ്ങളും ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രം ധരിക്കുക, അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാതിരിക്കാൻ സംവിധാനം ഒരുക്കണം.
* പരീക്ഷാക്കാലമായതിനാൽ ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കുക
* സ്‌കൂളിലും പരീക്ഷാ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കണം, പകൽ സമയങ്ങളിൽ തൊപ്പിയോ കുടയോ ഉപയോഗിക്കണം.
* പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ എന്നിവർ പകൽ 11 മുതൽ 3 വരെ സൂര്യപ്രകാശം കൊളളരുത്
* നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പൊലീസുകാർ, കർഷകർ, തുടങ്ങിയവർ കരുതലെടുക്കണം
'' ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം. സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കണം. ധാരാളമായി വെള്ളം കുടിക്കണം. ''
- ഡോ. ടി.വി. സതീശൻ, ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യ കേരളം