തൃശൂർ : വൈദഗ്ദ്ധ്യമുണ്ടെങ്കിലും വേണ്ടത്ര അവസരം ലഭിക്കാത്ത വിദഗ്ദ്ധ തൊഴിലാളിയാണോ? ഇലക്ട്രീഷ്യനോ പ്ലംബറോ തെങ്ങുകയറ്റത്തൊഴിലാളിയോ കാർപെന്ററോ ആണോ? നിങ്ങൾക്ക് ജോലിയുണ്ട്. ഇനി അടിയന്തര ഘട്ടത്തിൽ ഇത്തരം തൊഴിലാളികളെ കണ്ടെത്താൻ ബുദ്ധിമുട്ടുന്നയാളാണോ? എങ്കിൽ ജോലിക്കാരുമുണ്ട്. ഇരുകൂട്ടരുടെയും പ്രശ്‌നത്തിന് പരിഹാരമാർഗം വിരൽത്തുമ്പിലാക്കാനുള്ള സർക്കാർ സംവിധാനം ജില്ലയിൽ സജീവമാകുന്നു. ദൈനംദിന ഗാർഹിക വ്യാവസായികാവശ്യങ്ങൾക്ക് തൊഴിലാളികളുടെ സേവനം ലക്ഷ്യമിട്ട് സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്പിനാണ് ജില്ലയിൽ തുടക്കമിട്ടത്.
ഇടനിലക്കാരില്ലാതെ തൊഴിൽ സാദ്ധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ദ്ധരുടെ സേവനം തേടാനുമുള്ളതാണ് ആപ്ലിക്കേഷൻ. സംവിധാനം പൂർണമാകുന്നതോടെ ഒരേ തൊഴിൽ ചെയ്യുന്ന ഒന്നര ലക്ഷം പേരെ കണ്ടെത്താനാകും. കേരള അക്കാഡമി ഫോർ എക്‌സലൻസാണ് വ്യാവസായിക പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. യോഗ്യതയും വൈദഗ്ദ്ധ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. ഉപഭോക്താവിന്റെ സംതൃപ്തി അനുസരിച്ച് തൊഴിലാളിക്ക് സ്റ്റാർ റേറ്റിംഗും നൽകാം. ആപ്പിന്റെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ചാലക്കുടി ഐ.ടി.ഐയിൽ ജില്ലാതല യോഗവും എറിയാട് പഞ്ചായത്തിൽ പഞ്ചായത്ത് തലയോഗവും ചേർന്നു.
ചെയ്യേണ്ടത് ഇത്ര മാത്രം:
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ആപ് ഡൗൺലോഡ് ചെയ്യുക.
അടിസ്ഥാന വിവരങ്ങൾ നൽകി തൊഴിലാളിയായോ തൊഴിൽദായകനായോ രജിസ്റ്റർ ചെയ്യാം.
തൊഴിലാളിയെ തേടുന്നവർക്ക് കുറച്ചു വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.
തൊഴിൽ അന്വേഷകർ അറിയാവുന്ന തൊഴിൽ, കൂലി, തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.
പരിശീലനം നേടിയിട്ടുള്ളവർ കോഴ്‌സിന്റെ സർട്ടിഫിക്കറ്റും കോഴ്‌സിൽ ചേരാതെ തൊഴിൽ വൈദഗ്ദ്ധ്യം നേടിയവർ തദ്ദേശസ് വയംഭരണ സ്ഥാപന വാർഡ് അംഗത്തിന്റെ സാക്ഷ്യപത്രവും സമർപ്പിക്കണം.
രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സംശയം പരിഹരിക്കുന്നതിന് സമീപത്തെ സർക്കാർ ഐ.ടി.ഐയിലോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ ബന്ധപ്പെടാം.
അപ്ലയൻസ് സർവീസ് ആൻഡ് റിപ്പയർ, ഡേ ടു ഡേ സർവീസ്, ഹോം മെയിന്റനൻസ് സർവീസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് രജിസ്‌ട്രേഷൻ സൗകര്യമുള്ളത്.