തൃശൂർ: തൃശൂർ–എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന, അഴീക്കോട്–മുനമ്പം പാലത്തിനായുളള സ്വകാര്യ ഭൂമി ഏറ്റെടുക്കലിന് 14.61 കോടി രൂപ കളക്ടറുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെങ്കിലും വകുപ്പുതല അനാസ്ഥകാരണം നടപടികൾ വൈകുകയാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി. ഇരുകരക്കാരുടെയും യാത്രാദുരിതത്തിനുള്ള പരിഹാരമാണ് പാലം. കൊടുങ്ങല്ലൂർ തീരദേശത്തേക്കും മുനമ്പം, ചെറായി, വൈപ്പിൻ പ്രദേശങ്ങളിലേക്കും 15 കിലോമീറ്ററിലധികം ചുറ്റിവളഞ്ഞാണ് ആയിരത്തിലധികം പേർ യാത്ര ചെയ്യുന്നത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ മത്സ്യവിപണന സൗകര്യങ്ങൾക്കും മുസിരിസ് ടൂറിസം വികസനത്തിനും വഴിയൊരുങ്ങുന്ന പദ്ധതിയാണിത്.

2017ലെ ബഡ്ജറ്റിൽ കിഫ്ബി ഫണ്ടായി പാലം നിർമാണത്തിന് 160 കോടി വകയിരുത്തിയിരുന്നു. എന്നാൽ, റവന്യൂ, ഫിഷറീസ്, തുറമുഖ, പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും പ്രതികൂലമായി. ജനപ്രതിനിധികളും ഗൗരവകരമായെടുത്തില്ല.
തുറമുഖ വകുപ്പിന്റെ അനുമതിക്ക് ശേഷം ഭൂമി ഏറ്റെടുക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. 2019 നവംബറിൽ ടെൻഡർ നടപടി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പൊതുമരാമത്തിനുള്ള ഫിഷറീസിന്റെ 50 സെന്റ് ഭൂമി കൈമാറ്റത്തിനും 1.17 ഏക്കർ സ്വകാര്യ ഭൂമിയുടെ ഏറ്റെടുക്കലിനും നടപടി ഉണ്ടായില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. സമിതി ചെയർമാൻ ഷാനവാസ് കാട്ടകത്ത്, ചീഫ് കോ ഓർഡിനേറ്റർ പി.എ സീതി, കൺവീനർ എ.കെ അലിക്കുഞ്ഞി, കെ.ടി സുബ്രഹ്മണ്യൻ, എം.എ അബൂബക്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.