വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത് കേരള കൗമുദി
ചാലക്കുടി: പരേതർക്ക് അരിയും ഗോതമ്പും വിറ്റ മൂന്നു റേഷൻ കടകളുടെ കൂടി ലൈസൻസ് റദ്ദാക്കി. ചാലക്കുടി താലൂക്ക് സിവിൽ സപ്‌ളൈസ് ഓഫീസറുടെ കീഴിലെ എ.ആർ.ഡി 17, 131, 139 എന്നീ റേഷൻ കടകൾക്കെതിരെയാണ് നടപടി. ആളൂരിലെ ഒരു റേഷൻ കടയുടെ ലൈസൻസ് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ചാലക്കുടി താലൂക്കിൽ ഇനിയും നിരവധി റേഷൻ കടയുടമകളുടെ പേരിൽ നടപടിക്ക് നീക്കം നടക്കുന്നുണ്ട്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉദ്യോഗസ്ഥർ റേഷൻ കടകളിൽ പരിശോധന നടത്തുന്നുണ്ട്. കേരള കൗമുദിയാണ് ഇതു സംബന്ധിച്ച വാർത്ത ആദ്യമായി പുറത്തുകൊണ്ടു വന്നത്. ഒരംഗം മാത്രമുള്ള അന്ത്യോദയ അന്നയോജന കാർഡ് ഉടമകളുടെ പേരിലാണ് വ്യാപകമായ തട്ടിപ്പ് നടന്നത്.
ഇത്തരം കാർഡുകളുടെ ഉടമ മരണപ്പെട്ടാൽ സിവിൽ സപ്‌ളൈസ് ഓഫീസിൽ വിവരം അറിയുന്നതിന് മൂന്നും നാലും വർഷം വേണ്ടിവരും. ഇതിനിടെ ഇ പോസ് മെഷിന് പകരം മാനുവൽ ട്രാൻസാക്‌ഷൻ സമ്പ്രദായത്തിന്റെ മറവിൽ റേഷൻ സാധനങ്ങൾ തട്ടിയെടുക്കും.
സൗജന്യമായി സർക്കാർ നൽകുന്ന അരിയും ഗോതമ്പും റേഷൻ ഉടമതന്നെ കൈക്കലാക്കിയിരുന്ന സംഭവം പുറത്തായതോടെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം അങ്കലാപ്പിലായി. ചാലക്കുടി ടി.എസ്.ഒയുടെ കീഴിലെ റേഷൻ കടകളിൽ നടന്നുവന്ന ഇത്തരം തട്ടിപ്പാണ് ആദ്യം പുറത്തുവന്നത്. സംഭവം വാർത്തയായതോടെ വകുപ്പ് മന്ത്രിയും പ്രശ്‌നത്തിൽ ഇടപെട്ടു. മിക്ക ജില്ലകളിലെയും ടി.എസ്.ഒമാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.