ചാലക്കുടി: ദേശീയപാതയിലെ കോടതി ജംഗ്ഷൻ അടിപ്പാതയുടെ നിർമ്മാണം ഉടനെ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളായി. നിർമ്മാണം ഫെബ്രുവരിയിൽ തന്നെ പുനഃരാരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ അറിയിച്ചു. ബി.ഡി. ദേവസി എം.എൽ.എയുടെ സബ്മിഷന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ 14 കോടി രൂപയുടെ എസ്റ്റിമേറ്റ് കാലഹരണപ്പെട്ട് പോയതാണ് നിർമ്മാണ പ്രവർത്തനം സ്തംഭിക്കാൻ ഇടയാക്കിയത്. ഇതിന് ഉത്തരവാദികൾ എൻ.എച്ച്.ഐ ഉദ്യോഗസ്ഥരാണ് മന്ത്രി ചൂണ്ടിക്കാട്ടി. പുതുക്കിയ 24 കോടി രൂപയുടെ എസ്റ്റിമേറ്റിന് ജനുവരി 24ന് അംഗീകാരം കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉടനെ നിർമ്മാണം ആരംഭിക്കും ജി.സുധാകരൻ പറഞ്ഞു. നിർമ്മാണം വൈകിയതിനാൽ ബി.ഡി. ദേവസി എം.എൽ.എയുടെ നേതൃത്വത്തിൽ ചാലക്കുടിയിൽ പൗരാവലി പ്രക്ഷോഭത്തിനും തുടക്കം കുറിക്കുകയും ചെയ്തു.