ചാലക്കുടി: തീപിടിത്തത്താൽ പൊറുതിമുട്ടി ചാലക്കുടിയിലെ ഫയർഫോഴ്‌സ്. ഞായറാഴ്ച നഗരത്തിൽ നാലിടത്താണ് അഗ്‌നിബാധയുണ്ടായത്.
നഗരസഭയുടെ ക്രിമറ്റോറിയത്തിന് സമീപമുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തിന് പുറമെ ഇടുക്കൂട് പാലത്തിനടുത്തും തീപിടിത്തമുണ്ടായി. ഇവിടെയും മാലിന്യമാണ് കത്തിയത്. പിന്നീട് പോട്ട സിഗ്‌നൽ ജംഗ്ഷന് അടുത്തും ഉണങ്ങിക്കിടക്കുന്ന മാലിന്യത്തിനും തീപിടിച്ചു. വൈകീട്ട് മരത്തോമ്പിള്ളി ക്ഷേത്രത്തിനടുത്ത് പുഴത്തീരത്തെ പുല്ലിനും തീപിടിച്ചു. നാലിടത്തും അഗ്‌നിശമന വിഭാഗമെത്തി രക്ഷാപ്രവർത്തനം നടത്തി. ഇതിനുപുറമെ കുന്നപ്പിള്ളിയിൽ രാത്രി എട്ടരയോടെ കുണ്ടായി ദിലീപിന്റെ വീടിനും തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ അഗ്‌നിബാധയിൽ രണ്ടു മുറികൾ നശിച്ചു. അലമാര, കട്ടിൽ, ഇലക്ട്രിക്കൽ ഉപരണങ്ങൾ എന്നിവ കത്തിപ്പോയി. ദിലീപിന്റെ ഭാര്യ അലമാരയിൽ സൂക്ഷിച്ചിരുന്ന കുടുംബശ്രീ യൂണിറ്റിന്റെ രേഖകളും കത്തിനശിച്ചു. ചാലക്കുടിയിൽ നിന്നും അഗ്‌നിശമന വിഭാഗമെത്തിയാണ് തീയണച്ചത്.
തുടർച്ചയായുണ്ടാകുന്ന അഗ്‌നിബാധയിൽ നെട്ടോട്ടമോടുന്നത് ഫയർഫോഴാണ്. മൂന്നു വാഹനങ്ങൾ ഉണ്ടെങ്കിലും ചാലക്കുടി സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പലപ്പോഴും കഷ്ടപ്പെടുകയാണ്. അതിരപ്പിള്ളി തുടങ്ങിയ മേഖലകളിൽ സംഭവിക്കുന്ന അഗ്‌നിബാധയാണ് ഇവരെ ഏറെ ദുരിതത്തിലാക്കുന്നത്.
കടുത്ത വേനലിനെ അതിജീവിക്കുന്നതിന് ജനങ്ങളുടെ ജാഗ്രതയാണ് വേണ്ടത്.
- സി.ഒ. ജോയ് (ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ)