ചാലക്കുടി: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാൾ വർണാഭമായി. തിങ്കളാഴ്ചയിലെ ടൗൺ അമ്പിന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വിവിധ സംഘടനകൾ ഒരുക്കിയ കലാവിരുന്ന് ആസ്വദിക്കുന്നതിനും വൻജനാവലിയെത്തി. മർച്ചന്റ്‌സ് അസോസിയേഷന്റെ ഫ്ളവർ ഷോയും ജെ.സി.ഐയുടെ തിരുനാൾ എക്‌സിബിഷനും കാണാൻ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. വ്യാപാരികൾ തയ്യാറാക്കിയ പന്ത്രണ്ട് സ്റ്റേജുകളിലെ കലാവിരുന്ന് നഗരക്കാഴ്ചയും തിരുനാൾ പ്രേമികളുടെ മനം കവർന്നു. സൗത്ത് ജംഗ്ഷനിലെ വ്യാപാരികൾ മർച്ചന്റ്‌സ് അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ഡി.ജെ ഷോയും ജനങ്ങളെ ആകർഷിച്ചു. ദേവാലയത്തിൽ രാവിലെ മുതൽ തിരുനാൾ കുർബ്ബാനകളും നടന്നു. മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വെളളിക്കുളം ജംഗ്ഷനിൽ നിന്നും ആരംഭിച്ച ടൗൺ അമ്പ് പ്രദക്ഷിണം പള്ളിയിലെത്തി സമാപിച്ചു.