തൃശൂർ: തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നടന്ന യന്ത്ര പ്രദർശനമേള സമാപിച്ചു. മേളയിൽ 85,000 പേർ സന്ദർശിച്ചതായി സംഘാടകർ അറിയിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ആദ്യമായാണ് ജില്ലയിൽ മേള നടത്തുന്നത്. സന്ദർശനം നടത്തിയ 40 ശതമാനം പേരും സംരംഭകർ ആകണം എന്ന ഉദ്ദേശത്തോടെയാണ്‌ മേളയുടെ ഭാഗമായതെന്നും അധികൃതർ അറിയിച്ചു. സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് അതിനൂതന ആശയങ്ങളുടെയും സാങ്കേതിക വിദ്യയുടെയും പ്രദർശനത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള 112 മെഷിനറി ഉത്പാദകരും, വിതരണക്കാരും മേളയിൽ പങ്കെടുത്തു. 132 സ്റ്റാളുകളാണ് സജ്ജമാക്കിയത്. തമിഴ്‌നാടിൽ നിന്നും 18, കർണാടക 10, മഹാരാഷ്ട്ര രണ്ട്, കേരളം 91, ഹരിയാനയിൽ നിന്നും ഒന്നും എന്നിങ്ങനെ വിവിധ യന്ത്ര പ്രദർശന സ്റ്റാളുകൾ ഒരുക്കിയിരുന്നു. മികച്ച സ്റ്റാളുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടന്നു. എറണാകുളം ജില്ലയിൽ നിന്നുള്ള ക്വാളിറ്റി മെഷീൻസ് ഒന്നാം സ്ഥാനവും, അഹമ്മദാബാദിൽ നിന്നുള്ള ഏഷ്യൻ പാക്കേജിംഗ് രണ്ടാം സ്ഥാനവും തൃശൂരിലെ മെറ്റലാജ് ടെക്‌നോളജി മൂന്നാം സ്ഥാനവും നേടി. പത്തനംതിട്ട ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ഡി. രാജേന്ദ്രൻ, ഡയറക്ടറേറ് ഒഫ് ഇൻഡസ്ട്രീസ് ആൻഡ്‌ കോമേഴ്‌സ്‌ ജോയിന്റ് ഡയറക്ടർ ഇ. സലാവുദീൻ, എറണാകുളം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു എബ്രഹാം, കെ.എസ്.എസ്.എസ്‌.ഐ.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജോസഫ് തുടങ്ങിയവർ സമാപനചടങ്ങിൽ പങ്കെടുത്തു.