coronavirus

തൃശൂർ : കൊറോണ രോഗലക്ഷണങ്ങളുമായി ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേരെ ഡിസ്ചാർജ് ചെയ്തു. ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ഒരു സ്വകാര്യ ആശുപത്രി എന്നിവയിൽ ഓരോ പേർ വീതമാണ് ആശുപത്രി വിട്ടത്. നിലവിൽ ആശുപത്രികളിൽ ആറ് പേർ നിരീക്ഷണത്തിലുണ്ട്. നാല് പേർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേർ ചാലക്കുടി താലൂക്ക് ആശുപത്രിയിലുമാണ്. വീടുകളിൽ ആകെ 234 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മൂന്ന് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 59 പേരുടേതായി 86 സാമ്പിളുകളാണ് ആകെ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഒരു സാമ്പിളിന്റെ ഫലം നെഗറ്റീവാണ്. ഇനി ഒരു സാമ്പിളിന്റെ ഫലം വരാനുണ്ട്.

അച്ഛനും മകനും അറസ്റ്റിൽ


കുന്നംകുളത്ത് കൊറോണ സ്ഥിരീകരിച്ചുവെന്ന വ്യാജ സന്ദേശം അയച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. തൃശൂർ റൂറൽ പൊലീസിന് കീഴിലെ എങ്ങണ്ടിയൂർ അറയ്ക്കപറമ്പിൽ വീട്ടിൽ വേണുഗോപാൽ (55), മകൻ അഖിൽ വേണുഗോപാൽ (22) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ 14 പേർ അറസ്റ്റിലായി. റൂറൽ പൊലീസ് ആറ് പേരെയും സിറ്റി പൊലീസ് എട്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്.