കൊടുങ്ങല്ലൂർ: കണ്ണും കാതും തുറന്ന് വിമർശിക്കാനും തുറന്ന് പറയാനും കഴിയുമ്പോഴാണ് ഇരകൾക്ക് നീതി കിട്ടുകയെന്ന് വനിത കമ്മിഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ പറഞ്ഞു. സംസ്ഥാന വനിത കമ്മിഷന്റെയും പുല്ലൂറ്റ് കെ.കെ.ടി.എം കോളേജിന്റെയും പുല്ലൂറ്റ് എ.കെ അയ്യപ്പൻ - സി.വി സുകുമാരൻ വായനശാലയുടെയും സംയുക്തമായി മുസിരിസ് കൺവെൻഷൻ സെന്ററിൽ നടന്ന ഏകദിന വനിതാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സ്ത്രീകളുടെ പ്രശ്നങ്ങൾ തുറന്ന് പറയുന്ന ഒരു കാലമാണിത്. കെ.കെ.ടി.എം കോളേജ് പ്രിൻസിപ്പാൾ ഡോ: ഐ. അനിത അദ്ധ്യക്ഷത വഹിച്ചു. ആശയ വിനിമയം ജീവിതത്തിൽ എന്ന വിഷയത്തിൽ കെ. പ്രസാദും, യൗവ്വനത്തിന്റെ മാനസിക പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഡോ: അജീഷ് ജോർജും, പോസിറ്റീവ് തിങ്കിംഗ് എന്ന വിഷയത്തിൽ മാല രമണനും ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് ടി.എ നൗഷാദ്, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ സ്വാതിലേഖ ബാബു, വിമൻസ് സെൽ കൺവീനർ പ്രൊഫ. അനിമോൾ മാത്യൂസ്, എ.കെ.എ _ സി.വി.എസ് വായനശാല പ്രസിഡന്റ് എൻ.എ.എം അഷറഫ് എന്നിവർ സംസാരിച്ചു.