തൃശൂർ: സ്റ്റാർട് അപ് മിഷൻ പദ്ധതിയുടെ ഭാഗമായി തിരക്കേറിയ കേന്ദ്രങ്ങളിൽ പൊലീസ് അലർട്ട് സംവിധാനത്തിന് കോർപറേഷൻ കൗൺസിലിൽ അനുമതി. റെഡ് ബട്ടൺ പബ്ലിക് റോബോട്ടിക്‌സ് സ്‌പെക്ട്രം (ആർ.ബി.പി.ആർ.എസ്) എന്ന പേരിലുള്ള അലർട്ട് സംവിധാനത്തിൽ പൊതുജനങ്ങൾക്കു കുറ്റകൃത്യങ്ങൾക്ക് എതിരെ ചുവന്ന ബട്ടൺ അമർത്തി പരാതി നൽകാം. 24 മണിക്കൂറും 360 ഡിഗ്രിയിൽ കറങ്ങുന്ന സി.സി.ടി.വി കാമറ സംവിധാനമുള്ള ഇതിൽ ബട്ടൺ അമർത്തിയാൽ ഉടൻ സന്ദേശം പൊലീസ് സ്റ്റേഷനിലേക്ക് 90 സെക്കൻഡുകൾക്കകം എത്തും. ഒരു മിനിറ്റു മുമ്പു നടന്ന റെക്കോഡഡ് ദൃശ്യങ്ങൾ പൊലീസിന് ലഭിക്കും. നടന്ന കുറ്റം സംബന്ധിച്ചു വ്യക്തമായ വിവരം കിട്ടും. നിമിഷങ്ങൾക്കകം ജി.പി.ആർ.എസ്. വഴി ഏറ്റവും അടുത്തുള്ള പൊലീസ് സംഘത്തിന് വിവരം കൈമാറും. ജീപ്പുകളിൽ റിസീവർ സംവിധാനമുപയോഗിച്ചു പൊലീസ് ഉടനെയെത്തുന്ന വിധത്തിലാണ് ക്രമീകരണം. ഇതു സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ പൊലീസ് മേധാവി കത്തുനൽകിയിരുന്നു. 160 മീറ്റർ ചുറ്റളവിലെ ദൃശ്യങ്ങളാണ് ശേഖരിക്കുക. പൊലീസിനു മിന്നൽ നടപടിക്കും കഴിയും. മെഷീൻ സ്ഥാപിക്കാൻ 9060 സെ. മീറ്റർ വലുപ്പത്തിൽ പ്ലാറ്റ്‌ഫോം സ്ഥാപിക്കാൻ സ്ഥലം വേണം. സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ഇവ സ്ഥാപിക്കുക. ആദ്യ മെഷിൻ പട്ടാളം റോഡു ജംഗ്ഷനിലാണ് സ്ഥാപിക്കുകയെന്ന് ഡെപ്യൂട്ടി മേയർ റാഫി ജോസ് അറിയിച്ചു. നഗരസഭയിൽ നൂറുകണക്കിന് കെട്ടിട നിർമാണ അപേക്ഷകൾ കെട്ടിക്കിടക്കുന്നതിനു പരിഹാരമുണ്ടാക്കണമെന്ന് ആവശ്യമുയർന്നു. നഗരസഭകളിൽ നടപ്പാക്കിയ ഐ.ബി.പി.എം.എസ് സോഫ്റ്റ് വെയർ തകരാർ മൂലം പ്രവർത്തനരഹിതമാണെന്ന് ജോൺ ഡാനിയേൽ ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞ നവംബർ ആദ്യം മുതൽ പുതിയ ബി.ടി.ആർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകൾ സ്വീകരിക്കുന്നതെന്ന് കോർപ്പറേഷൻ സെക്രട്ടറി പി. രാധാകൃഷ്ണൻ അറിയിച്ചു.