കൊടുങ്ങല്ലൂർ: അച്ഛനും അമ്മയും രണ്ട് മക്കളുമടക്കം നാലുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം മുറിക്കുള്ളിൽ നിന്നും ലഭിച്ച ഒരു കുറിപ്പിനെ കേന്ദ്രീകരിച്ച്. തെറ്റ് ചെയ്തവർക്ക് മാപ്പില്ല എന്ന് മാത്രമാണ് ഈ കുറിപ്പിലുള്ളത്. ആത്മഹത്യ ചെയ്തതാണെങ്കിൽ അടുത്തിടെ കാര്യമായ ബുദ്ധിമുട്ടുകളിലൂടെ ഇവർ കടന്നു പോയിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. എങ്കിൽ, ഇവർക്കുണ്ടായ ബുദ്ധിമുട്ട് എന്താണ് ? ആരിൽ നിന്നെങ്കിലും ഭീഷണി നേരിട്ടിരുന്നോ ? ഇവരെ മറ്റെന്തെങ്കിലും രീതിയിൽ കുടുക്കിയോ എന്നെല്ലാമാണ് പൊലീസ് അന്വേഷിക്കുന്നത്.
പുല്ലൂറ്റ് കോഴിക്കടയിൽ തൈപറമ്പത്ത് വിനോദ് (45), ഭാര്യ രമ (40), പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ നയന (17), നാലാം ക്ലാസ് വിദ്യാർത്ഥിയായ മകൻ നീരജ് (9) എന്നിവരെയാണ് ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് പേരുടെയും മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ 32-ാം കോളനിക്ക് സമീപമുള്ള സഹോദരന്റെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഇന്നലെ രാവിലെ വിരലടയാള വിദഗ്ദ്ധരും, സയന്റിഫിക് അസിസ്റ്റന്റും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കിയിരുന്നു. തൂങ്ങി മരിച്ച നിലയിൽ കണ്ട മൃതദേഹങ്ങളിലൊന്നിന്റെ കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മകൾ നയനയുടെ കാലുകളാണ് കൂട്ടിക്കെട്ടിയ നിലയിൽ കണ്ടത്. കുടുംബനാഥനായ വിനോദ് ആയിരിക്കണം ഒടുവിൽ മരണത്തിന് കീഴടങ്ങിയതെന്നാണ് നിഗമനം. ജീവനൊടുക്കിയതാണെങ്കിൽ ഇത്തരമൊരു ദുരന്തത്തിലേക്ക് കുടുംബത്തെ നയിച്ചത് ഇദ്ദേഹമായിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്...