ksu
ഏതുസമയത്തും നിലംപതിക്കാവുന്ന കണ്ടശ്ശാംകടവ് ചേന്ദാട്ട് ലിങ്ക് റോഡ് പാലം

കാഞ്ഞാണി : കണ്ടശ്ശാംകടവ് ചേന്ദാട്ട് അകായ് ലിങ്ക് റോഡ് പാലം ഏതു സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിൽ. ഈ പാലത്തിലൂടെയാണ് വിവിധ ഭാഗങ്ങളിൽ നിന്ന് സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഈ പാലത്തിലൂടെയാണ് പോകുന്നത്.

കൃഷി ആവശ്യത്തിനായി വിവിധപാടശേഖരങ്ങളിലേക്ക് ഈ കനാൽ വഴിയാണ് വെള്ളം വിടുന്നത്. വെള്ളവും നിറഞ്ഞു കിടക്കുകയാണ്. പാലത്തിന് 30 വർഷം പഴക്കമുണ്ട്. പാലത്തിന്റെ മുകൾ ഭാഗം വിള്ളൽ സംഭവിച്ച് അടിവശം കോൺക്രീറ്റ് ദ്രവിച്ച് അടർന്നു വീണ് കമ്പികൾ തെളിഞ്ഞ നിലയിലാണ്. പാലത്തിന് കൈവരി പോലും നിർമ്മിച്ചിട്ടില്ല. വേണ്ടത്ര സുരക്ഷിതത്വവും ഇല്ല. രണ്ടുവർഷമായി പാലം അപകടാവസ്ഥയിലായിട്ട്. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോൾ ഫണ്ട് പാസായിട്ടുണ്ട് എത്രയും വേഗം പണി പൂർത്തിയാക്കുമെന്ന് പറയുന്നതല്ലാതെ നടപടിയായിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു. കണ്ടശ്ശാംകടവ് ഫ്രാൻസിസ് റോഡിനെയും താനാപാടം തെക്ക് റോഡിനെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. പാലം പുനർനിർമ്മിച്ച് റോഡ് വികസിപ്പിച്ചാൽ സമാന്തര റോഡായി മാറ്റി കണ്ടശ്ശാംകടവിലെ ഗതാഗതകുരുക്ക് ഒരു പരിധി വരെ ഒഴിവാക്കുകയും ചെയ്യാം..

..........

അപകടാവസ്ഥയിലായ പാലം പുനർനിർമ്മിക്കാൻ ഫണ്ട് പാസായിട്ടുണ്ടെന്ന് കാലങ്ങളായി പഞ്ചായത്ത് അധികൃതർ പറയുകയല്ലാതെ രണ്ടു വർഷമായിട്ടും യാതൊരു നടപടിയും ഇല്ല.


കെ.പി ജോസഫ് (പരിസരവാസി)

..........

പാലം പുനർനിമ്മിക്കാൻ 5 ലക്ഷവും റോഡ് വികസനത്തിന് 2 ലക്ഷവും വകയിരുത്തിട്ടുണ്ട്. ഈ വർഷം തന്നെ പാലം പണി പൂർത്തീകരിക്കും.


ജോൺസൻ


16ാം വാർഡ് മെമ്പർ