മുൻകരുതലുമായി വനം വകുപ്പും അഗ്‌നിശമന സേനയും
തൃശൂർ : വേനലിന് കാഠിന്യമേറി തുടങ്ങിയതോടെ ജില്ലയിലെ വനമേഖലയിലുള്ളവരുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. ബോധവത്കരണങ്ങളും മുൻകരുതലുകളും എല്ലാ വർഷവും സ്വീകരിക്കാറുണ്ടെങ്കിലും വേനൽക്കാലമായാൽ ജില്ലയിലെ വനമേഖലകളിൽ നിരവധി സ്ഥലങ്ങളിലാണ് കാട്ടുതീ പടരാറുള്ളത്. അത് ഉൾക്കാടുകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ നിരവധി ജീവജാലങ്ങൾ വെന്തുമരിക്കും.
കടുത്ത ജലക്ഷമത്തിനും ഇത് വഴിവയ്ക്കുന്നു.
വേനൽക്കാലമായാൽ കടുത്ത ജലക്ഷാമം നേരിടുമ്പോൾ കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങും. തീപടർന്ന് പിടിക്കുന്നതോടെ ചോലകളിലെ വെള്ളം വറ്റുന്നത് മൂലം മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് പതിവാകും. ഇത് തടയുന്നതിന്റെ ഭാഗമായി വനം വകുപ്പും ഒപ്പം അഗ്‌നിശമന സേനയും ബോധവത്കരണവുമായി രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം രാത്രി ചെറുതുരുത്തി വാഴക്കോട് വനമേഖലയിൽ റബ്ബർത്തോട്ടത്തിൽ പടർന്ന് പിടിച്ച കാട്ടുതീ വനത്തിലേക്ക് പടരാതിരുന്നത് വനം വകുപ്പിന്റെയും ഫയർ ഫോഴ്‌സിന്റെയും അവസരോചിതമായ ഇടപെടല് കൊണ്ടാണ്.
പീച്ചീ ആദിവാസി മേഖലയിൽ പ്രത്യേക ശ്രദ്ധ
പീച്ചി വനം വന്യജീവി വകുപ്പിന് കീഴിലുള്ള കള്ളക്കുന്നുമല, മൂന്നുമല, ഒളകര ആദിവാസി കോളനി തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തം തടയാൻ വിപുലമായ കർമ്മപരിപാടികളാണ് വനം വന്യജീവി വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്. വന സംരക്ഷണം, ജലസംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തി കാട്ടുതീ തടയാനുള്ള ബോധവത്കരണ പരിപാടി ആരംഭിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ പ്രധാനപ്പെട്ട നാല് ആദിവാസി കോളനികൾ വനവിഭവങ്ങൾ ശേഖരിക്കുന്നതിലൂടെ വനത്തിന്റെ ഗുണം നേരിട്ട് അനുഭവിക്കുന്നവരാണ്. ഇവർക്ക് സംരക്ഷണം നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
വനം വകുപ്പിന്റെ മുൻകരുതലുകൾ
കാടിന്റെ പ്രവേശന സ്ഥലത്ത് നിന്ന് എതാനും മീറ്ററുകൾക്ക് അകലെ ഫയർ ലൈനുകൾ സ്ഥാപിച്ച് തുടങ്ങി
വനവാസികൾ, എസ്.പി.സി അംഗങ്ങൾ, വനമേഖലയ്ക്ക് അടുത്ത് താമസിക്കുന്നവർക്ക് ബോധവത്കരണ ക്ലാസ്
വാച്ചർമാർ, വനമേഖലയിൽ താമസിക്കുന്നവർ, സന്നദ്ധപ്രവർത്തകർ എന്നിവരെ ചേർത്ത് ഫയർ ഗ്യാംഗുകൾ
വാട്ടർ കാൻ, ടോർച്ച്, ഫസ്റ്റ് എയ്ഡ് ബോക്‌സ്
വനമേഖലയിൽ ബോധവത്കരണ ബാനറുകൾ
............
ഭൂരിഭാഗം കാട്ടുതീക്കും പിറകിൽ മനുഷ്യന്റെ ഇടപെടലുകളാണെന്നാണ് കണ്ടെത്തൽ. അതുകൊണ്ടാണ് കാട്ടുതീ വ്യാപനം തടയാൻ ബോധവത്കരണത്തിന് പ്രാധാന്യം നൽകുന്നത്. (അനീഷ് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പീച്ചി)
ഫയർ ഫോഴ്‌സും വെള്ളം കുടിക്കും
ഫയർ ഫോഴ്‌സിനും വേനൽക്കാലത്ത് പിടിപ്പത് പണിയാണ്. വേനൽക്കാലമായാൽ പുല്ലുകൾക്ക് തീപിടിക്കുന്നതാണ് തലവേദനയുണ്ടാക്കുന്നത്. അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളിൽ നിന്നും മറ്റുമാണ് കൂടുതൽ തീപിടിത്തം ഉണ്ടാക്കുന്നത്. കടുത്ത വേനലിൽ ഒരു ദിവസം പത്തും പതിനഞ്ചും സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടാകാറുള്ളതായി അഗ്‌നിശമന സേന അധികൃതർ പറയുന്നു.
സംവിധാനം
12,000 ലിറ്ററിന്റെ വാട്ടർ ബൗസർ
വാട്ടർ ടെൻഡർ
ക്രാഷ് ടെൻഡർ
ഫസ്റ്റ് റെസ്‌പോൺസ് മെഷീൻ
ചെറിയ വഴികളിലൂടെ പോകാവുന്ന വാഹനം
വേനൽക്കാലത്തിന്റെ മുൻകരുതലുകൾ സ്വീകരിച്ച് തുടങ്ങി. പലസ്ഥലങ്ങളിലും ബോധവത്കരണ ക്ലാസുകൾ പൂർത്തിയായി
(വിജയകൃഷ്ണൻ, തൃശൂർ ഫയർ സ്റ്റേഷൻ ഓഫീസർ)...