മാള: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൈപിടിച്ചുയർത്തിയ പുത്തൻചിറ സർക്കാർ യു.പി സ്‌കൂൾ പ്രകൃതി സൗഹൃദ പ്രവർത്തനങ്ങളിലൂടെയും മാതൃകയാകുന്നു. വിവിധ ഇനങ്ങളിലുള്ള മാവുകളും പ്ലാവുകളും അടക്കമുള്ള ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പൂക്കളുമുള്ള ചെടികളും അലങ്കാരച്ചെടികളും നിറഞ്ഞതാണ് ഈ വിദ്യാലയത്തിന്റെ മുറ്റങ്ങൾ.
കെട്ടിടത്തിന്റെ ഭിത്തികളിൽ ഉപയോഗശൂന്യമായ കുപ്പികളിൽ അലങ്കാരച്ചെടികൾ വളരുന്നു. ഔഷധ സസ്യങ്ങളും പ്രകൃതി സൗഹൃദ ഉദ്യാനങ്ങളും അദ്ധ്യാപകനായ പ്രേമവാസന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പരിപാലിക്കുന്നു. ഫല വൃക്ഷങ്ങളാൽ സമ്പന്നമായ മുറ്റമാണ് ഇവിടെയുള്ളത്. ജനകീയ ഇടപെടലിലൂടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ കയറുകയാണ്. കുട്ടികളുടെ എണ്ണം 140ൽ വരെ എത്തി നിൽക്കുകയാണ്. മൂന്ന് വർഷം മുമ്പ് 80 കുട്ടികളിൽ താഴെ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
വേറിട്ട പ്രവർത്തനവുമായി അസംബ്ളിയും
വിദ്യാലയ അസംബ്ലിയും വേറിട്ടതാണ്. കടംകഥകൾ, പഴംചൊല്ലുകൾ, കഥ, കവിത, കവി പരിചയം, ശുഭ ചിന്ത തുടങ്ങിയവ വിദ്യാലയ അസംബ്ലിയിൽ അവതരിപ്പിക്കും. വിദ്യാലയത്തിന്റെ ചുറ്റുപാടും എട്ട് ഇടങ്ങളിൽ പി.ടി.എ യോഗം നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാലയത്തിൽ നിന്ന് പഠിച്ച അറിവുകൾ ഇത്തരം പി.ടി.എ യോഗങ്ങളിൽ പ്രദേശത്തുള്ള വിദ്യാർത്ഥികൾ അവതരിപ്പിക്കും. ശരാശരി ഇരുപതോളം വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും നാട്ടുകാരും യോഗത്തിൽ പങ്കെടുക്കും.
1951 ൽ ആരംഭിച്ച ഈ വിദ്യാലയം അതുവരെ അഞ്ചലാപ്പീസായിരുന്നു. അത്തരമൊരു വ്യത്യസ്തമായ ചരിത്രവും വിദ്യാലയത്തിനുണ്ട്. ഈ വർഷത്തെ സ്‌കൂൾ വാർഷികവും വേറിട്ടതാക്കാനാണ് അധികൃതരുടെ ആലോചന. സംസ്ഥാനത്തെ എല്ലാ കലാരൂപങ്ങളെയും വിവിധ കലാകാരന്മാരെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന വ്യത്യസ്ത പരിപാടിയാണ് ആലോചനയിലുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പിന്തുണയുമായി ഒരു ഗ്രാമം കൈകോർത്തപ്പോൾ പുത്തൻചിറ സർക്കാർ യു.പി സ്‌കൂൾ അതിന്റെ പ്രതാപകാലത്തിലേക്ക് പതിയെ കയറുകയാണ്.