മാള: കൊയ്ത്ത് യന്ത്രം ഇറക്കാൻ വഴിയില്ലാതെ പുല്ലൻകുളങ്ങര പാടശേഖരത്തിലെ അമ്പഴക്കാട് ഭാഗത്ത് കർഷകർ പ്രതിസന്ധിയിലായ സംഭവത്തിൽ നടപടിയെടുക്കുന്നതിന് കൃഷി വകുപ്പിനോട് എം.എൽ.എ നിർദ്ദേശിച്ചു. യന്ത്രം ഇറക്കാൻ കഴിയാതെ കർഷകർ കണ്ണീരിലായ കേരള കൗമുദി വാർത്ത കണ്ടാണ് വി.ആർ സുനിൽകുമാർ എം.എൽ.എ. കൃഷി ഓഫീസറോട് നടപടിയെടുക്കാൻ നിർദേശം നൽകിയത്.
കനാലിന് മുകളിൽ സ്ളാബ് ഇട്ടാൽ കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയുമോയെന്ന സാദ്ധ്യത പരിശോധിക്കാനും പഞ്ചായത്തിന് കഴിയില്ലെങ്കിൽ ഈ പ്രവൃത്തിക്ക് ആസ്തി വികസന ഫണ്ടിൽ നിന്ന് തുക അനുവദിക്കാമെന്നും എം.എൽ.എ അറിയിച്ചു. ഈ ഭാഗത്തെ പത്ത് കർഷകരുടെ ഇരുപത് ഏക്കറിലധികം സ്ഥലത്തെ നെൽകൃഷിയാണ് പ്രതിസന്ധിയിലായത്.
പാടത്തോട് ചേർന്ന് വഴിയുണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ല. വഴിയുടെ ഒരു വശത്തൂടെ ചെറിയ കനാലും കടന്നുപോകുന്നുണ്ട്. കനാൽ കടന്നുപോകുന്ന നൂറു മീറ്റർ ഭാഗത്ത് കോൺക്രീറ്റ് സ്ളാബ് നിരത്തിയാൽ ഈ പ്രശ്നം പരിഹരിക്കാം. ആദ്യം കൃഷിയിറക്കി വിളവെടുപ്പിന് പാകമായ നെല്ല് യന്ത്രം ഇറക്കാൻ കഴിയാതെ പാടത്ത് കിടക്കുന്ന അവസ്ഥയിലാണ്. മാള പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഈ പാടശേഖരത്തിലെ വഴി ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.