എരുമപ്പെട്ടി: എരുമപ്പെട്ടി സർക്കാർ ആശുപത്രിയിലെത്തുന്ന നിർധന രോഗികൾക്ക് ശരിയായ രീതിയിൽ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ അധിക സമയ സേവനം ലഭ്യമാക്കാൻ സർക്കാർ നിർദേശം നൽകിയ സാഹചര്യത്തിലും എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മതിയായ ചികിത്സാ സേവനം ലഭിക്കുന്നില്ലെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. രോഗികൾക്കും ചികിത്സ നിഷേധിക്കുന്നതായി ആരോപണമുണ്ട്.

ചില ഡോക്ടർമാർ ഒ.പി സമയം തീരുന്നതിന് മുമ്പ് തന്നെ പരിശോധന നിറുത്തിവച്ച് ആശുപത്രിയിൽ നിന്നും പോകുന്നു. കിടത്തി ചികിത്സയും പേരിന് വേണ്ടി മാത്രമാണ് നടത്തുന്നത്. കിടത്തി ചികിത്സയും തുടർ ചികിത്സയും ആവശ്യമുള്ള രോഗികളോട് മറ്റ് ആശുപത്രികളിലേക്ക് പോകുവാൻ ഡോക്ടർമാർ നിർദേശം നൽകുന്നതായും ആക്ഷേപമുണ്ട്. ഉച്ചയ്ക്ക് ശേഷം ഡോക്ടറുടെ സേവനം ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരു മാസം മുമ്പ് അവധിയിൽ പോയിട്ടുള്ള ആശുപത്രി സൂപ്രണ്ട് തിരികെയെത്തിയിട്ടില്ല. സൂപ്രണ്ടില്ലാത്തതാണ് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാക്കാൻ കാരണമെന്ന് പറയുന്നു.

ചികിത്സ ലഭിക്കാത്തതിനെതിരെ പ്രതിഷേധവുമായി എ.ഐ.വൈ.എഫ് രംഗത്തെത്തി. അടിയന്തര സാഹചര്യത്തിൽ അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി എം.പി. റഫീക്ക് തങ്ങൾ, പ്രസിഡന്റ് എ.ച്ച്. ഹസൻകുട്ടി എന്നിവർ അറിയിച്ചു.