കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ റോഡിലൂടെ നടത്തിക്കൊണ്ട് പോകുകയായിരുന്ന ആനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവനിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി കാളമുറി കളപ്പുരയ്ക്കൽ ധർമ്മരത്‌നത്തിന്റെ മകൾ അശ്വതിക്കാണ് പരിക്കേറ്റത്. അശ്വതിയുടെ ഇടതു കാലിന് പൊട്ടലും ഇടതു കൈയ്ക്ക് ചതവുമുണ്ട്. അശ്വതിയുടെ സഹപാഠി ആദിത്യ രാജൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ആനയുടെ കുത്തേറ്റ് ഭഗീരഥൻ എന്നയാളുടെ വീടിന്റെ ഗേറ്റ് തകർന്നു. അശ്വതിയെ കൊടുങ്ങല്ലൂർ മെഡികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്ത്രാപ്പിന്നി പടിഞ്ഞാറ് വേതോട്ടിൽ കുടുംബ ക്ഷേത്രത്തിലേക്ക് ഉത്സവത്തിന് കൊണ്ടുവന്ന നാണു എഴുത്തച്ഛൻ ശങ്കരനാരായണൻ എന്ന ആനയാണ് പ്രകോപിതനായത്.
ശീവേലി എഴുന്നള്ളിപ്പ് കഴിഞ്ഞ് വൈകീട്ടത്തെ പകൽപ്പൂരത്തിന് എഴുന്നള്ളിക്കാൻ പൂരം പുറപ്പെടുന്ന വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. അശ്വതിയെ കൂട്ടി ആദിത്യ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ചെന്ത്രാപ്പിന്നി സെന്ററിന് പടിഞ്ഞാറ് ആനയെക്കണ്ട് തൊട്ടടുത്തുള്ള ഗേറ്റിനടുത്തേക്ക് വിദ്യാർത്ഥികൾ ഒതുങ്ങി നിന്നു. ഈ സമയം ഗേറ്റ് കഴിഞ്ഞ് മുന്നോട്ട് നീങ്ങിയ ആന വിദ്യാർത്ഥിനികളെ കുത്താനായി മുന്നോട്ടാഞ്ഞു. ഗേറ്റിന് നടുക്ക് നിൽക്കുകയായിരുന്ന വിദ്യാർത്ഥിനികൾ ഇരുവശത്തേക്കും ഒഴിഞ്ഞ് മാറി. എന്നാൽ അശ്വതി ആനയുടെ മുന്നിൽപെട്ടു. കുത്ത് കൊണ്ട് ഗേറ്റിന്റെ ഗ്രിൽ തകർന്ന് തല ഗേറ്റിനുള്ളിൽ കുടുങ്ങിയതോടെ ആന ശാന്തനായി. ഈ സമയം ആശ്വതിയെ നാട്ടുകാരിലാരോ രക്ഷപ്പെടുത്തി. ഇതിനിടയിലാണ് ആനയുടെ ചവിട്ടിൽ അശ്വതിക്ക് പരിക്കേറ്റത്. ഈ സമയം ഒരു പാപ്പാൻ ആനപ്പുറത്തുണ്ടായിരുന്നു. ആനയെ തൊട്ടടുത്ത പറമ്പിൽ തളച്ച ശേഷം ലോറിയിൽ കയറ്റിക്കൊണ്ടുപോയി.