നിരീക്ഷണത്തിലുണ്ടായിരുന്നവരെ

മാറ്റിനിറുത്തരുതെന്ന് ആരോഗ്യവകുപ്പ്

തൃശൂർ: കൊറോണ നിരീക്ഷണ കാലഘട്ടം കഴിഞ്ഞ് നിത്യജീവിതത്തിലേക്ക് മടങ്ങി വരുന്നവർ രോഗബാധയിൽ നിന്ന് മുക്തരാണെന്നും അവരെ സമൂഹത്തിൽ നിന്നും മാറ്റി നിറുത്തരുതെന്നും ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്. അതേസമയം, തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4 പേരും തൃശൂർ ജനറൽ ആശുപത്രിയിൽ 2 പേരും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ 2 പേരുമുൾപ്പെടെ 8 പേർ ആശുപത്രികളിലും 233 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ഇന്നലെ രണ്ട് സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 60 പേരുടേതായി 88 സാമ്പിളുകൾ ആകെ അയച്ചിട്ടുണ്ട്. പുതിയ പോസിറ്റീവ് കേസുകളൊന്നുമില്ല.
നിരീക്ഷണ കാലഘട്ടത്തിൽ സമൂഹത്തിന്റെ നന്മയെക്കരുതി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന സാഹചര്യം അതിജീവിച്ച് തിരിച്ച് വിദ്യാലയങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും മടങ്ങി വരുമ്പോൾ അവർക്ക് എല്ലാവിധ പിന്തുണയും നൽകണം. കൗൺസിലർമാർ മുഖേനയുളള സേവനം തുടരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

രണ്ടു പേർ കൂടി അറസ്റ്റിൽ

കുന്നംകുളത്ത് കൊറോണ സ്ഥിരീകരിച്ചുവെന്ന വ്യാജ സന്ദേശം അയച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. ഏങ്ങണ്ടിയൂർ പഴഞ്ചേരി വീട്ടിൽ റെജിൽ (30), ഏങ്ങണ്ടിയൂർ പോളു വീട്ടിൽ അതുൽ (22) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ 16 പേർ അറസ്റ്റിലായി.