വാടാനപ്പിള്ളി: തളിക്കുളം എടശ്ശേരിയിൽ തുറന്ന് കിടന്നിരുന്ന ബസിന്റെ വാതിലിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. സി.എസ്.എം സെൻട്രൽ സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി കിഴുപ്പിള്ളിക്കര അമ്പലത്തുവീട്ടിൽ അബ്ദുള്ളയുടെ മകൻ മുഹമ്മദ് ബിൻ അബ്ദുള്ളയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതരയോടെ കിഴുപ്പിള്ളിക്കരയിൽ നിന്ന് തൃപ്രയാറിലെത്തി സ്കൂളിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് സംഭവം.

യാത്ര എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്. തളിക്കുളം പുതുക്കുളങ്ങരയിൽ ഇറങ്ങാനിരിക്കെ വിദ്യാർത്ഥി ബസിൽ നിന്ന് റോഡിലേക്ക് തലയിടിച്ചു വീഴുകയായിരുന്നു. ബസ് പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടകാരണം. പ്രദേശത്തുണ്ടായിരുന്നവർ ബസ് തടഞ്ഞുനിറുത്തി. ആക്ട്സ് പ്രവർത്തകരെത്തി പരിക്കേറ്റ അബ്ദുള്ളയെ തൃശൂരിലെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് ബസിന്റെ വാതിൽ അടച്ചിരുന്നില്ലെന്ന് പറയുന്നു.