ഗുരുവായൂർ: വീട്ടിൽ അതിക്രമിച്ച് കടന്ന മോഷ്ടാവ് മുഖത്ത് മണൽ എറിഞ്ഞ് വീട്ടമ്മയുടെ താലിമാല കവർന്നു. എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി അംഗം താമരയൂർ ഉണ്ണിമാസ്റ്റർ റോഡിൽ കരുവന്നൂർ പടിഞ്ഞാറ്റയിൽ ശ്രീകുമാറിന്റെ ഭാര്യ ജ്യോതിയുടെ മൂന്നു പവന്റെ താലിമാലയാണ് മോഷ്ടാവ് കവർന്നത്.

ഇന്നലെ രാവിലെ പതിനൊന്നാടെയായിരുന്നു സംഭവം. ജ്യോതി ഹാളിൽ ടിവി കണ്ടുകൊണ്ടിരിക്കെയാണ് മോഷ്ടാവ് സ്‌കൂട്ടറിൽ എത്തിയത്. കോളിംഗ് ബെൽ അടിച്ച ശേഷം വാതിൽ തള്ളി തുറന്ന് അകത്തു പ്രവേശിച്ച യുവാവ് ചേട്ടനില്ലേയെന്ന് ചോദിച്ചു. മറുപടി പറയുന്നതിന് മുമ്പ് ജ്യോതിയുടെ മുഖത്തേയ്ക്ക് മണ്ണ് വിതറി തള്ളിയിടുകയായിരുന്നു. നിലത്ത് വീണ ജ്യോതിയുടെ കഴുത്തിലെ മാല പൊട്ടിച്ച മോഷ്ടാവ് സ്‌കൂട്ടറിൽ കടന്നു കളഞ്ഞു. മാലപ്പൊട്ടിക്കുന്നതിനിടെ നടന്ന മൽപ്പിടിത്തത്തിൽ മാലയുടെ ഒരു ഭാഗം തിരികെ ലഭിച്ചു. ജീൻസും ടീഷർട്ടും ധരിച്ച മോഷ്ടാവ് ഹെൽമറ്റ് വെച്ചാണ് വീട്ടിൽ കടന്നത്. മുഖത്ത് തുണി കെട്ടിയിട്ടുണ്ടെന്നും മോഷ്ടാവ് എത്തിയ സ്‌കൂട്ടറിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു എന്നും ജ്യോതി പറഞ്ഞു. ഗുരുവായൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.