തൃശൂർ: തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷൻ സി.ഐ ഉൾപ്പെടെ 6 പൊലീസുകാർക്ക് ഡെങ്കിപ്പനി. സി.ഐ സലീഷ് എൻ. ശങ്കരൻ തൃശൂർ എലൈറ്റ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. എസ്.ഐ ജയനാരായണൻ, പൊലീസുകാരായ അരുൺഘോഷ്, പ്രതീഷ്, വനിതാ സി.പി.ഒ സിന്ധു എന്നിവരും ചികിത്സയിലാണ്.
ചുമതലയേറ്റ് രണ്ടു ദിവസത്തിനുള്ളിലാണ് സി.ഐയ്ക്ക് പനി ബാധിച്ചത്. ഒരാഴ്ച മുമ്പാണ് മറ്റ് പൊലീസുകാർക്ക് പനി പിടിപെട്ടത്. എസ്.ഐയും മറ്റൊരു പൊലീസുകാരനും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് അവധിയെടുത്ത് ഇവർ വീടുകളിൽ വിശ്രമിക്കുകയാണ്. വെസ്റ്റ് സ്റ്റേഷനിൽ മൊത്തം 50ഓളം പൊലീസുകാരാണുള്ളത്.
അതേസമയം, സ്റ്റേഷൻ്റെ പരിസരം വൃത്തീഹീനമാണെന്നും രോഗങ്ങൾ പടരാൻ ഇടയാക്കുന്നതായും പരാതിയുണ്ട്. കളക്ടറേറ്റിലെ ഡ്രെയ്‌നേജ് ചോർന്നൊലിക്കുകയാണ്. അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് റവന്യൂ അധികൃതർക്ക് രേഖാമൂലം പരാതി നൽകിയിരുന്നതായി പൊലീസുകാർ പറഞ്ഞു. അഴുക്കുചാലുകളിൽ വെള്ളം കെട്ടിക്കിടക്കുന്നുമുണ്ട്. മരങ്ങളിൽ ധാരാളമായി നീർക്കാക്കകളും മറ്റ് പക്ഷികളുമുളളതിനാൽ ഇവയുടെ കാഷ്ഠം കടുത്ത മാലിന്യ പ്രശ്‌നം സൃഷ്ടിക്കുന്നതായും പറയുന്നു. കോർപറേഷനെ ഇക്കാര്യം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.