മണ്ണുത്തി: പട്ടാളക്കുന്നിൽ ഇലഞ്ഞി കുളത്തിനടുത്ത് നിർമ്മാണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ഇന്നലെ പുലർച്ചെ 4.55 നായിരുന്നു തീപിടിത്തം ഉണ്ടായത്. ഇലഞ്ഞിക്കുളത്തിന് മുൻവശം കെ.എസ് ഭവൻ ഭൂമിയിൽ ഏറെ നാളായ് പ്രവർത്തിച്ചിരുന്ന ചെണ്ട, തബല മുതലായവ നിർമ്മിച്ച് വന്നിരുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ നിർമ്മാണ കെട്ടിടത്തിലായിരുന്നു തീപിടിത്തം. ബന്നി എന്നയാളാണ് സ്ഥാപനം നടത്തിവന്നിരുന്നതെന്നും പറയുന്നു.

വലിയ രീതിയിൽ അഗ്‌നി ഉയരുന്നത് കണ്ട് ഭീതിയിലായ പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് തൃശുരിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്.

സ്റ്റേഷൻ ഓഫീസർ കെ.യു. വിജയ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് യൂണിറ്റ് വെള്ളം എത്തിച്ച് ആറുമണിയോടെ തീ അണക്കുകയായിരുന്നു.

പുർണ്ണമായ് കത്തിയ കമ്പനിയിൽ ചെണ്ട മുതലായവ നിർമ്മിക്കാൻ സൂക്ഷിച്ച മരങ്ങളിൽ മറ്റും തീ പടർന്നതാണ് വൻ തീപിടിത്തത്തിന് ഇടയാക്കിയത്.

കമ്പനി ഷെഡിൽ വൈദ്യതി ലൈനിൽ വന്ന ഷോർട് സർക്യുട്ടാണോ തീപിടിത്തത്തിന് കാരണമെന്ന് അന്വേഷിച്ചു വരികയാണ്. തൃശുർ നഗരത്തിലെ ഒരു മ്യൂസിക്കൽസ് സ്ഥാപനത്തിലേയ്ക്കുള്ള വസ്തു നിർമ്മാണ കേന്ദ്രമാണ് ഇതെന്നും പറയുന്നു.